തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ പി എസ് സി പരീക്ഷാത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ പിഎസ്‌സിയുടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കി. കൂടാതെ മൂന്നുപേരെയും ആജീവനാന്ത കാലത്തേക്ക് പിഎസ്‌സി പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു.

പിഎസ്‌സി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇവര്‍ പരീക്ഷാത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയത്. പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നും ഇതു വഴി ഇവര്‍ക്ക് ഉത്തരങ്ങള്‍ ലഭിച്ചുവെന്നുമാണ് കണ്ടെത്തല്‍.

ഇവര്‍ക്ക് ചോദ്യപ്പേപ്പര്‍ എങ്ങനെ ലഭിച്ചുവെന്ന് കൃത്യമായി കണ്ടെത്തേണ്ടിയിരിക്കുന്നു. പുറത്തുനിന്നും ഇവരെ ആരോ സഹായിച്ചിട്ടുണ്ട്. പരീക്ഷയ്ക്കിടെ മൂന്നുേപരുടേയും മൊബൈല്‍ ഫോണുകളിലേക്ക് നിരവധി മെസേജുകള്‍ വന്നതായി സൈബര്‍ സെല്‍ കണ്ടെത്തി.മൂന്നുപേരും തിരുവനന്തപുരത്തെ മൂന്നു കേന്ദ്രങ്ങളിലിരുന്നാണ് പരീക്ഷയെഴുതിയത്.മൂന്നുപേര്‍ക്കും ഒരേ സമയം ഉത്തരങ്ങള്‍ കിട്ടിയതായാണ് നിഗമനം.ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തും.

പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഒന്നാമനായിരുന്നു ശിവരഞ്ജിത്ത്. പ്രണവിനു രണ്ടാം റാങ്കും നസീമിന് 28-ാം റാങ്കുമാണ് ലഭിച്ചത്.ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും യൂണിയന്‍ ഓഫീസില്‍ നിന്നും സര്‍വകലാശാലാ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇവരുടെ പിഎസ്എസി പരീക്ഷാ ഫലവും സംശയനിഴലിലായത്.എന്തായാലും ഗുരുതരമായ തട്ടിപ്പ് പുറത്തുവന്നതിലൂടെ പിഎസ് സി എന്ന സംവിധാനത്തിന്റെ വിശ്വാസ്യത ഒരു വലിയ ചോദ്യചിഹ്നമായി മാറുകയാണ്.