തിരുവനന്തപുരം: ഇന്ത്യയുടെ  ബഹുസ്വരതയും സമാധാനവും സംരക്ഷിക്കാനും ഗ്രാമീണ സ്വയംപര്യാപ്തതയിലൂടെ രാജ്യത്തിന്റെ സമഗ്രപുരോഗതി കൈവരിക്കാനും യുവാക്കളും വിദ്യാര്‍ത്ഥികളും ഗാന്ധിജിയിലേക്ക് മടങ്ങണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള. കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍വേദി (കെ.പി.ജി.ഡി) സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തില്‍ മഹാത്മിജിയുടെ ആശയങ്ങള്‍ക്ക് മുമ്പെന്നത്തേക്കാളും പ്രസക്തി ഏറിവരികയാണന്നതിന്റെ നേര്‍കാഴ്ചയാണ് വിവിധ രാജ്യങ്ങളില്‍ ഗാന്ധിജിയുടെ സ്മാരകങ്ങള്‍ പണികഴിപ്പിക്കുന്നതും ഗാന്ധി ജയന്തി ആഘോഷിക്കുന്നത്. ലോകരാജ്യങ്ങള്‍ ഇന്ന് നേരിടുന്ന യുദ്ധസമാനമായ സാഹചര്യങ്ങള്‍ക്ക് പരിഹാരം കാണാനായി ഗാന്ധിജിയുടെ സമാധാന ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവിടങ്ങളിലെ പുത്തന്‍ തലമുറ തയ്യാറെടുക്കുന്നു. എന്നാല്‍ നമ്മുടെ യുവതലമുറ ഗാന്ധിജിയില്‍ നിന്ന് അകലം പാലിക്കുകയാണ്. ഇതാണ് ഇന്ത്യ ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.   
ചടങ്ങില്‍ കാലടി ശ്രീശങ്കരാചാര്യാ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ധനുവച്ചപുരം വി.ടി.എം എന്‍.എസ്.എസ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. നെടുമ്പന അനില്‍ മുഖ്യ പ്രഭാഷണം നടത്തി.  എം. എസ്. ഗണേഷ്, കെ.ജി. ബാബുരാജ്, റ്റി പ്രസന്ന കുമാര്‍, അഡ്വ. മനോജ് കുമാര്‍, ബിനു ചെക്കാലയില്‍, പി മോഹനകുമാരന്‍. ഡോ. അജിതന്‍ മേനോത്ത്, ഡോ. ഗോപീ മോഹന്‍, പ്രൊഫ. പി.ജി. ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.