തിരുവനന്തപുരം: വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വൈകിട്ട് മൂന്നുമണിയോടെ കോഴിക്കോട് എത്തുന്ന രാഹുല്‍ തുടര്‍ന്ന് പ്രളയം തകര്‍ത്ത വയനാട്ടിലും മലപ്പുറത്തും ദുരിതബാധിതരെക്കാണും.കഴിഞ്ഞ ദിവസം തന്നെ രാഹുല്‍ കേരളത്തിലെത്താന്‍ തയ്യാറായെങ്കിലും സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.സംസ്ഥാനത്ത് ഏറ്റവുമധികം മഴക്കെടുതി നേരിട്ട വയനാട്ടില്‍ എംപിയായ രാഹുല്‍ എത്താതിരിക്കുന്നതില്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
എപ്പോഴും വയനാടിനൊപ്പമുണ്ടെന്നും ജില്ലയിലെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചുവെന്നും എല്ലാ വിധ സഹായങ്ങളും മോദി വാഗ്ദാനം ചെയ്തുവെന്നും രാഹുല്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു. വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.