ന്യൂ ഡല്‍ഹി: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനുള്ള സമിതിയുടെ ഘടനയെ ചോദ്യം ചെയ്തുകൊണ്ട് മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആശുപത്രി ഉടമകള്‍ക്ക് സമിതിയില്‍ മതിയായ പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്നാണ് പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്റെ വാദം.
ഭരണതലത്തിലുള്ള ജീവനക്കാരെ ഉടമകള്‍ക്ക് പകരം ഉള്‍പ്പെടുത്തിയതിനാല്‍ സമിതിയുടെ ശുപാര്‍ശകള്‍ക്ക് സാധുതയില്ലെന്നും മാനേജ്മെന്റുകള്‍ ബോധിപ്പിക്കും. എന്നാല്‍ സമിതിയുടെ ഘടനയെ ആശുപത്രി ഉടമകള്‍ തുടക്കത്തില്‍ എതിര്‍ത്തിരുന്നില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനും കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്ന് കേസ് പരിഗണിക്കും വരെ ശമ്പളപരിഷ്കരണ സമിതി ശുപാര്‍ശകളില്‍ തീരുമാനം എടുക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ കോടതി വിലക്കിയിട്ടുണ്ട്.