തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.മലപ്പുറം കോഴിക്കോട് ജില്ലകളില്‍ കണ്ണൂര്‍ ജല്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.
കുട്ടനാട്ടില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെ ജനങ്ങള്‍ ദുരിതത്തിലായി. മട വീഴ്ചയില്‍ നിരവധി വീടുകള്‍ തകര്‍ന്നു.ഏഴായിരത്തിലധികം വീടുകള്‍ കുട്ടനാട്ടില്‍ വെള്ളത്തിലാണ്.
എസി റോഡ് വെള്ളത്തില്‍ മുങ്ങി ഗതാഗതം ദുഷ്കരമായി.കഴിഞ്ഞ പ്രളയകാലത്ത് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായ പത്തനംതിട്ടയില്‍ അതീവജാഗ്രതാ നിര്‍ദേശമുണ്ട്.പമ്പാനദിയില്‍ ജലനിരപ്പുയര്‍ന്നു. ഇന്നലെ രാത്രി മാത്രം പത്ത് അടി വെള്ളമാണ് പമ്പാ നദിയില്‍ ഉയര്‍ന്നത്. റാന്നി അരയാഞ്ഞിലി മണ്ണ്, ഉരുമ്പന്‍ മൂഴി കോസ്വേകള് വെള്ളത്തിനടിയിലായി. മണിമലയാറ്റിലും, അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ടയില്‍ നദീതീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയത്ത് കനത്ത മഴയില്‍ മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു. പാല – ഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറി. എറണാകുളത്ത് ചിലയിടങ്ങളില്‍ മഴ പെയ്യുന്നുണ്ട്.കനത്ത മഴയില്‍ മണികണ്ഠന് ചാല് ചപ്പാത്ത് മുങ്ങി പത്തോളം ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. കോഴിക്കോടും കണ്ണൂരും മഴ തുടരുകയാണ്.ഇടുക്കിയില്‍ രാത്രി ശക്തമായ മഴ പെയ്തു.മിക്ക അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു. ചെറിയ അണക്കെട്ടുകള്‍ തുറന്നു.