തിരുവനന്തപുരം: ദു:ഖത്തിന്റെ നിഴല്‍ വീണ സ്വാതന്ത്ര്യ ദിനമാണിതെന്നും കേരളത്തിന്റെ പുനരര്‍പ്പിക്കുന്നതാവണം ഈ ദിനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിര്‍ഭയമായ മനസ്സും സമുന്നതമായ ശിരസുമുള്ള ജനതയാണ് നമ്മള്‍. സാധ്യമായത് ഒന്നുമില്ലെന്ന് കേരള ജനത തെളിയിച്ചു.എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുത്.വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ പരിശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.73-ാമത് സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം ജാതി മതവംശ ഉപദേശീയസംസ്‌കാരഭാഷ തുടങ്ങിയ ഭേദങ്ങള്‍ക്കെല്ലാം അതീതമായ സാഹോദര്യം ഇന്ത്യാക്കാരില്‍ ഊട്ടിയുറപ്പിച്ചു. ഇതിന് അടിത്തറയായത് നമ്മുടെ വിഖ്യാതമായ ഭരണഘടനയാണ്. ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് സ്വാതന്ത്ര്യ ദിനം നല്‍കുന്ന സന്ദേശം. ഈ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ അപാകതകള്‍ ഉണ്ടായെങ്കില്‍ തിരുത്താന്‍ ശ്രമിക്കേണ്ടതുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.
കവളപ്പാറയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി പളളി വിട്ടു കൊടുത്ത സഹോദരങ്ങള്‍ രാജ്യത്തെ മഹത്തായ മാതൃകയാണ്. ക്ഷേത്രത്തിന്റെ അയല്‍വഴിയിലൂടെ നടക്കാന്‍ പോലും സ്വതന്ത്ര്യമില്ലാതിരുന്ന സമുദായങ്ങളില്‍പ്പെട്ടവരെ ക്ഷേത്ര പൂജാരിയാക്കി മാറ്റുന്നിടം വരെയെത്തി നവോത്ഥാനത്തിന്റെ പുതിയ കാല സംരംഭങ്ങള്‍. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ശാസ്ത്ര വിരുദ്ധമായ മനോഭാവങ്ങളെയും ചെറുത്തു തോല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.