ചേര്‍ത്തല:ആലപ്പുഴ ചേര്‍ത്തലയിലെ ദുരിതാശ്വാസക്യാമ്പില്‍ സിപിഎം നേതാവിന്റെ പണപ്പിരിവ്. ചേര്‍ത്തല തെക്ക് ദുരിതാശ്വാസ ക്യാമ്പിലാണ് ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗംഓമനക്കുട്ടന്‍ പണപ്പിരിവു നടത്തുന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സിപിഎം നേതൃത്വം വെട്ടിലായിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.
സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് വണ്ടിവാടക നല്‍കാനെന്നപേരിലാണ് ഇയാള്‍ പണപ്പിരിവു നടത്തിയത്. പിരിവു നടത്തുന്നതില്‍ അസ്വാഭാവികത തോന്നിയ ആളുകളാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നേരത്തേയും ഇതുപോലെ പിരിവു നടത്തിയിട്ടുണ്ടെന്നാണ് ഓമനക്കുട്ടന്‍ പറയുന്നത്. ജില്ലാകളക്ടര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമ്പോഴാണ് പുറത്തു നിന്നും ഒരാളെത്തി ഇത്തരത്തില്‍ പണപ്പിരിവ് നടത്തിയെന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. ഇയാള്‍ക്കെതിരെ പോലീസ് കേസും ഉണ്ടായേക്കും.