ബെംഗളൂരു:ജെഡിഎസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സഖ്യസർക്കാർ പ്രധാന നേതാക്കളുടെ ഫോൺ ടാപ്പുചെയ്തതായി ആരോപണം ഉയർന്നതിന് ദിവസങ്ങൾക്ക് ശേഷം കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഈ വിഷയത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് അറിയിച്ചു.ടെലിഫോൺ ടാപ്പിംഗ് വിഷയത്തിൽ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് സിദ്ധരാമയ്യ ഉൾപ്പെടെ നിരവധി നേതാക്കൾ ഇത് അന്വേഷിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്, അതിനാൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ ഞാൻ തീരുമാനിച്ചു. നാളെ തന്നെ ഞാൻ അന്വേഷണത്തിന് ഉത്തരവിടും, ”യെദ്യൂരപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ജെഡിഎസ് സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കുകയും പിന്നീട് വിമതനായി മാറുകയും ചെയ്ത ജെഡിഎസ് എം‌എൽ‌എ എ എച്ച് വിശ്വനാഥിനെ അയോഗ്യനാക്കിയിരുന്നു. കഴിഞ്ഞയാഴ്ച എച്ച്ഡി കുമാരസ്വാമി സർക്കാർ തന്റെതുൾപ്പടെ മുന്നൂറിലേറെ നേതാക്കളുടെ ഫോണുകൾ ടാപ്പുചെയ്തിരുന്നതായും ചാരപ്പണി നടത്തിയെന്നും വിശ്വനാഥ് ആരോപിച്ചതോടെ കർണാടക രാഷ്ട്രീയം കലുഷിതമായി.സിദ്ധരാമയ്യ, എം മല്ലികാർജുന ഖാർഗെ, സഖ്യ സർക്കാരിലെ ആഭ്യന്തരമന്ത്രി എം ബി പാട്ടീൽ എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. മറ്റൊരു പ്രധാന പാർട്ടി നേതാവും മുൻ മന്ത്രിയുമായ ഡി കെ ശിവകുമാർ ഈ പ്രശ്നത്തിൽ മുൻമുഖ്യമന്ത്രി കുമാരസ്വാമിക്കൊപ്പമാണ്.