തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ശ്രീറാമിന്റേയും കാറുടമയായ വഫാ ഫിറോസിന്റേയും ഡ്രൈവിംഗ് ലൈസന്‍സ് ഇന്ന് തന്നെ സസ്പെന്‍ഡ് ചെയ്യും. നടപടിയെടുക്കാത്തതിനെതിരെ മാധ്യമവാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. അപകടത്തെത്തുടര്‍ന്ന് ശ്രീറാമിനും വഫയ്ക്കും നോട്ടീസ് അയച്ചെങ്കിലും 15 ദിവസം കഴിഞ്ഞിട്ടും ഇരുവരും നോട്ടീസിനു മറുപടി നല്‍കിയില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു.
അമിതവേഗത്തിനും കാറിന്റെ ഗളാസ്സില് കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ചതിനുമായി 3 നോട്ടീസുകളാണ് വഫാ ഫിറോസിന് അയച്ചിരുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കേണ്ട കാലതാമസമാണുണ്ടായതെന്ന് മോട്ടോര്‍വാഹനവകുപ്പ് പറയുന്നു. അതേസമയം നടപടികളിലുണ്ടായ കാലതാമസം പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്കാന് മന്ത്രി ഗതാഗത സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ചികില്‍സ കഴിഞ്ഞ് ആശുപത്രി വിട്ടിരുന്നു. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.