തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു .ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കൊല്ലപ്പെട്ട കേസിലാണ് ശ്രീറാമിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയത്. അമിത വേഗതയില്‍ അശ്രദ്ധമായി വാഹനമോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയതിനാണ് ലൈസന്‍സ് റദ്ദു ചെയ്തത്. സംഭവം നടന്ന് പതിനേഴു ദിവസത്തിനുശേഷമാണ് നടപടിയെടുക്കുന്നത്. ശ്രീറാമി നൊപ്പമുണ്ടായിരുന്ന കാറുടമ കൂടിയായ വഫാ ഫിറോസിന്റെ ലൈസന്‍സ് റദ്ദുചെയ്യുന്ന നടപടികളും തുടങ്ങിക്കഴിഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
ലൈസന്‍സ് റദ്ദാക്കല്‍ നടപടികള്‍ വൈകുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഇന്ന് നടപടിയെടുത്തത്. ശ്രീറാമിനും വഫയ്ക്കും നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്.അതേ സമയം ലൈസന്‍സ് റദ്ദാക്കല്‍ നടപടികള്‍ വൈകിച്ചതില്‍ അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നേരത്തേ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഗതാഗത സെക്രട്ടറിയോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.