ദില്ലി:ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്.വീടിന്റെ ഗേറ്റു തുറക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ആരും തുറക്കാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് സിബിഐ സംഘവും എന്‍ഫോഴ്സ്മെന്റ് സംഘവും ചിദംബരത്തിന്റെ ജോര്‍ബാഗിലെ വീടിന്റെ മതില്‍ച്ചാടിക്കടന്നാണ് ഉള്ളില്‍ പ്രവേശിച്ചത്. പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് സിബിഐ ദില്ലി പോലീസിനെയും വിളിച്ചുവരുത്തി.
നേരത്തേ എഐസിസി മാധ്യമങ്ങളെക്കണ്ടശേഷമാണ് ചിദംബരം വീട്ടിലെത്തിയത്.എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെക്കണ്ട ചിദംബരം കുറച്ചു സമയം മാത്രമാണ് അവിടെ ചെലവഴിച്ചത്.സിബിഐ അവിടേയ്ക്കെത്തുമെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് അറസ്റ്റ് ഒഴിവാക്കാനാണ് ചിദംബരം വീട്ടിലേക്കു മടങ്ങിയത്.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തും ചിദംബരത്തിന്റെ വീടിന്റെ മുന്നിലും പ്രതിഷേധിച്ചു.ഇതിനിടയില്‍ ബിജെപി പ്രവര്‍ത്തകരും ചിദംബരത്തിനെതിരായി മുദ്രാവാക്യം വിളികളുമായെത്തി. തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസെത്തി പ്രവര്‍ത്തകരെ നിയന്ത്രിക്കുകയായിരുന്നു. 2007 ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്സ് മീഡിയക്ക് വേണ്ടി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചുവെന്നതാണ് കേസ്.ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുമായിരുന്നു ഐഎന്‍ എക്സ് മീഡിയയുടെ ഉടമകള്‍. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുണ്ടായിരുള്ളൂ. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന് ഐഎന്‍എക്സ് മീഡിയ അപേക്ഷ നല്‍കുകയും ധനകാര്യമന്ത്രാലയം ചട്ടങ്ങള്‍ മറികടന്ന് അംഗീകാരം നല്‍കുകയും ചെയ്തു. ഇതിന് പ്രതിഫലമായി
ദില്ലിയിലെ ഹോട്ടല്‍ ഹയാത്തില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ചിദംബരത്തിന്റെ മകന് കാര്‍ത്തി ഒരു കോടി ഡോളര്‍ ആവശ്യപ്പെട്ടു. കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് കമ്പനിക്ക് ഐഎന്‍എക്സ് മീഡിയ ആദ്യം 10 ലക്ഷം രൂപ നല്കി. തുടര്‍ന്ന് കാര്‍ത്തിയുടെ വിവിധ കമ്പനികള്‍ വഴി ഏഴ് ലക്ഷം ഡോളര്‍ വീതമുള്ള നാല് ഇന്‍വോയ്സുകളും നല്കി.കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് കാര്‍ത്തിയുടെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില് രേഖകള്‍ സിബിഐ പിടിച്ചെടുത്തിരുന്നു.
കാര്‍ത്തിയുടെ ഇന്ത്യയിലും വിദേശത്തുമുളള 54 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. കേസില്‍ തന്നെ മാപ്പു സാക്ഷിയാക്കണമെന്ന് ഇന്ദ്രാണി മുഖര്‍ജിയുടെ അപേക്ഷ സിബിഐ കോടതി അംഗീകരിച്ചിരുന്നു.