ദില്ലി:ഐഎന്‍എക്‌സ് മീഡിയാ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മുന്‍ ധനമ്രന്തി പി ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചിദംബരത്തെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ അപേക്ഷ നല്‍കും.ഇപ്പോള്‍ സിബിഐ ആസ്ഥാനത്തുള്ള ചിദംബരത്തെ അന്വേഷണ ഉദേ്യാഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്.
അതേ സമയം ഐഎന്‍എക്‌സ് മീഡിയ കേസില്‍ ജാമ്യം ലഭിച്ച കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യം റദ്ദാക്കാനും സിബിഐ നീക്കം നടത്തുന്നതായി സൂചനയുണ്ട്. കേസിന്റെ ഭാഗമായി കാര്‍ത്തിയേയും ചോദ്യം ചെയ്യാനാണിത്.ചിദംബരത്തിന്റെ ജാമ്യഹര്‍ജി നാളെയാണ് കോടതി പരിഗണിക്കുന്നത്.
കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സിബിഐ നീക്കം തുടങ്ങിയത്. അറസ്റ്റില്‍ നിന്നും പരിരക്ഷ ലഭിക്കാന്‍ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിച്ചില്ല. തുടര്‍ന്ന് ഇന്നലെ രാത്രി എഐസിസി ആസ്്ഥാനത്ത് മാധ്യമങ്ങളെക്കണ്ടശേഷം വീട്ടില്‍ തിരിച്ചെത്തിയ ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു.