തിരുവനന്തപുരം: ചെക്ക് കേസില്‍പെട്ട് അറസ്റ്റിലായി യുഎ ഇ അജ്മാനിലെ ജയിലില്‍ കഴിയുന്ന തുഷാര്‍ വെള്ളാപ്പള്ളിക്കായി മുഖ്യമന്ത്രിയുടെ ഇടപെടല്‍. തുഷാറിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് സഹായം ചെയ്യണമെന്നുമാവശ്യപ്പെട്ട് പിണറായി കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. ബിജെപിയുടെ ഒപ്പം നില്‍ക്കുന്ന ബി ഡിജെഎസിന്റെ നേതാവ് ജയിലിലായിട്ട് ഇതുവരെ ബിജെപി നേതാക്കളാരും പ്രതികരിച്ചിട്ടില്ല. നിലവില്‍ തുഷാറിന്റെ കേസില്‍ കേന്ദ്രമന്ത്രി ബി മുരളീധരനടക്കമുള്ളവര്‍ യാതൊരു നീക്കങ്ങളും നടത്തിയിട്ടില്ല.
കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ ഇറക്കിയത്. എന്നാല്‍ ശ്രദ്ധാകേന്ദ്രമായ മണ്ഡലമായിട്ടും തെരഞ്ഞെടുപ്പു പ്രചരണത്തിനു കേന്ദ്രനേതാക്കളടക്കം ബിജെപി നേതൃത്വം എത്താതിരുന്നതില്‍ ബിഡിജെഎസില്‍ അതൃപ്തിയുണ്ടായിരുന്നു.