തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേയും മകളുടേയും മരണത്തിന് കാരണമായ വാഹനാപകട സമയത്ത് ക്രൈം ബ്രാഞ്ച്. സ്റ്റിയറിംഗിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളവും സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം തുടങ്ങിയവ ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. അര്‍ജുന്‍ വാഹനമോടിച്ചത് കണ്ടവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.അപകട സമയത്ത് കാര്‍ 120 കിലോ മീറ്റര്‍ വേഗതയിലാകാമെന്നാണ് പരിശോധനാഫലം. നിലവില്‍ അപകടത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടേയും ഡ്രൈവര്‍ അര്‍ജുന്റേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടായതിനെത്തുടര്‍ന്നാണ് അപകടത്തില്‍ ദുരൂഹത സംശയിച്ചത്.കാറോടിച്ചത് ബാലഭാസ്‌കറാണെന്ന് ഡ്രൈവര്‍ അര്‍ജുന്‍ മൊഴി നല്‍കി.എന്നാല്‍ അപകടസമയത്ത് കാറോടിച്ചത് അര്‍ജുനാണെന്നും ബാലഭാസ്‌കര്‍ പിറകിലെ സീറ്റിലായിരുന്നെന്നും ലക്ഷ്മി പറഞ്ഞു. ദീര്‍ഘദൂര യാത്രകളില്‍ ബാലഭാസ്‌കര്‍ ഡ്രൈവ് ചെയ്യാറില്ലെന്നും ലക്ഷ്മി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി അപകടം ക്രൈംബ്രാഞ്ച് പുനസൃഷ്ടിച്ചു. അര്‍ജുന്റെ തലയ്ക്കും കാലിനുമുണ്ടായ പരിക്കുകള്‍ സൂചിപ്പിക്കുന്നത് അപകടസമയത്ത് അര്‍ജുന്‍ ഡ്രൈവിംഗ് സീറ്റിലായിരുന്നുവെന്ന് ഡോക്ടര്‍മാരുടെ സംഘവും ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു.