കോട്ടയം: കെവിന് വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.പ്രതികള്‍ക്ക് 40,000 പിഴയും വിധിച്ചിട്ടുണ്ട്.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. നീനുവിന്റെ സഹോദരന് സാനു ചാക്കോ അടക്കം കേസില്‍ പത്ത് പ്രതികളാണുള്ളത്.പ്രതികള്‍ ഇരട്ട ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാല്‍ മതി .കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളിന്മേലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.പ്രതികള്‍ 40,000 രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കണം.ഇതില്‍ നിന്ന് കേസിലെ ഒന്നാം സാക്ഷിയായ അനീഷിന് ഒരു ലക്ഷം രൂപ യും ബാക്കി തുക കെവിന്റെ പിതാവിനും കെവിന്റെ ഭാര്യ നീനുവിനും നല്‍കാനും കോടതി വിധിച്ചു.
നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ തെന്മല ഒറ്റക്കല്‍ ശ്യാനു ഭവനില്‍ സാനു ചാക്കോ (27), ബന്ധുവും രണ്ടാംപ്രതിയുമായ പുനലൂര്‍ ഇടമണ്‍ നിഷാന മന്‍സില്‍ നിയാസ് മോന് (ചിന്നു 24), മൂന്നാംപ്രതി ഇടമണ്‍ തേക്കുംകൂപ്പ് താഴത്ത് ഇഷാന് ഇസ്മയില്‍ (21), നാലാംപ്രതി ഇടമണ്‍ റിയാസ് മന്‍സില്‍ റിയാസ് (27), ആറാംപ്രതി തെങ്ങുംതറ പുത്തന്‍വീട്ടില്‍ അശോക ഭവനില്‍ മനു മുരളീധരന് (27), ഏഴാംപ്രതി പുനലൂര്‍ മരുതമണ്‍ ഭരണിക്കാവ് അന്‍ഷാദ് മന്‍സിലില്‍ ഷിഫിന് സജാദ് (28), എട്ടാംപ്രതി പുനലൂര്‍ ചാലക്കോട് റേഡിയോ പാര്‍ക്ക് വാലുതുണ്ടിയില്‍ എന്‍. നിഷാദ് (23), ഒമ്ബതാംപ്രതി പത്തനാപുരം വിളക്കുടി കടശ്ശേരി ടിറ്റുഭവന്‍ ടിറ്റു ജെറോം (25), 11ാംപ്രതി മുസാവരിക്കുന്ന് അല്‍മന്‍ഹല്‍ മന്‍സില്‍ ഫസല്‍ ഷരീഫ് (അപ്പൂസ്26), 12ാംപ്രതി വാളക്കോട് ഗ്രേസിങ് ബ്ലോക്ക് ഈട്ടിവിള ഷാനു ഷാജഹാന് (25) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.
കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് ജയചന്ദ്രന് ആണ് വിധി പറഞ്ഞത്. അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസ് ആണിതെന്നും കോടതി നിരീക്ഷിച്ചു. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം എന്ത് കാരണത്താലാണെങ്കിലും കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന് വാദം.എന്നാല്‍ പ്രതികളുടെ പ്രായവും മുമ്പ് മറ്റ് കേസുകളില്‍ ഉള്‍പ്പെടാത്തതും പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്.