ന്യൂഡല്‍ഹി:കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനു വിട്ടു. കാശ്മീര്‍ വിഷയത്തില്‍ എട്ട് ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.ഒരാഴ്ചയ്ക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും കാശ്മീര്‍ ഭരണകൂടത്തിനും നോട്ടീസയച്ചു.
പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കാശ്മീരില്‍ മാധ്യമ നിയന്ത്രണം ഏര്‍പ്പെടുത്തിയ വിഷയത്തിലും കേന്ദ്രത്തിനും സംസ്ഥാനത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിരോധനാഞ്ജയും നിയന്ത്രണങ്ങളും 22-ാം ദിവസത്തേക്ക് കടന്നപ്പോഴാണ് ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്.
അതേസമയം കാശ്മീരില്‍ തടവിലായ സിപിഎം കേന്ദ്രക്കമ്മറ്റി അംഗം യൂസഫ് തരിഗാമിയെക്കാണാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് സുപ്രീംകോടതി അനുവാദം നല്കി. തരിഗാമിയെ ക്കാണാന്‍ കാശ്മീരിലെത്തിയപ്പോള്‍ തടഞ്ഞു തിരിച്ചയച്ചതിനെത്തുടര്‍ന്ന് യെച്ചൂരി നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ഒരു പൗരന് സഹപ്രവര്ത്തകനെക്കാണുന്നത് തടയാനാകില്ലെന്നും കോടതി പറഞ്ഞു.