തിരുവനന്തപുരം: സിഐടിയു സമരത്തെത്തുടര്‍ന്ന് ഗതികെട്ട് മുത്തൂറ്റ് ഫൈനാന്‍സ് കേരളം വിടുന്നു. അടുത്തമാസം രണ്ടിന് ശാഖകള്‍ അടച്ചുപൂട്ടാനാണ് തീരുമാനം.ഇതു സംബന്ധിച്ച് കമ്പനി ജനറല്‍ മാനേജര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. മുത്തൂറ്റിന്റെ മുന്നൂറോളം ബ്രാഞ്ചുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചതോടെ രണ്ടായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.പൂട്ടുന്ന ശാഖകളിലെ ജീവനക്കാരെ പുനര്വിന്യസിക്കുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
കേരളത്തില്‍ അറുന്നൂറോളം ബ്രാഞ്ചുകളുള്ള മുത്തൂറ്റ് ഫൈനാന്‍സിന്റെ മുന്നൂറോളം ശാഖകളിലാണ് സമരം നടത്തുന്നത്. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ട് 2016 മുതല്‍ വിവിധ ബ്രാഞ്ചുകളിലായി സിഐടിയു നടത്തുന്ന സമരം കാരണം ഇവിടങ്ങളില്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
എന്നാല്‍ മുത്തൂറ്റ് കേരളം വിടാനൊരുങ്ങുന്നത് സിഐടിയു സമരം മൂലമല്ല,മറിച്ച് സാമ്പത്തിക പ്രതിസന്ധി കൊണ്ടാണെന്ന് സിഐടിയു പറയുന്നു. മുത്തൂറ്റിലെ 90 ശതമാനം പേരും സംഘടനയിലുണ്ടെന്നും ന്യായമായ ആവശ്യത്തിനാണ് സമരമെന്നുമാണ് സിഐടിയു പ്രവര്‍ത്തകരുടെ വാദം.