തിരുവനന്തപുരം: നവോത്ഥാനം വിശ്വാസത്തിനെതിരല്ലെന്നും അങ്ങനെ ചിലര്‍ പ്രചരിപ്പിച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിലപാടുകളാണ് നവോത്ഥാനമെന്നും ഇതെല്ലാം തമ്മില്‍ വേര്‍തിരിവുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് സുപ്രീം കോടതി പറയുന്ന നിലപാടാണ് ഉള്ളത്.കോടതിവിധി മറിച്ചായാല്‍ അത് നടപ്പാക്കുമെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
വിജെടി ഹാള്‍ അയ്യങ്കാളി ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ച അയ്യങ്കാളിയോടുള്ള ആദര സൂചകമായാണ് തിരുവനന്തപുരത്തെ വിജെടി ഹാളിന്റെ പേരു മാറ്റി അയ്യങ്കാളി ഹാള്‍ എന്നാക്കിയത്. അയ്യങ്കാളി ജയന്തി സമ്മേളനത്തിനിടെ ഇന്നലെ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞിരുന്നു.
ദുരാചാരങ്ങളെ അരക്കിട്ടുറപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ സര്‍ക്കാര്‍ ചെറുക്കുമെന്നും നവോത്ഥാന ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.പ്രളയ പുനര്‍നിര്‍മാണത്തില്‍ പുതിയ രീതികള്‍ ഉപയോഗിക്കേണ്ടതുണ്ട്. കെട്ടിടങ്ങളില്‍ നിലവിലുള്ള നിര്‍മണാരീത മാറ്റി പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മാണരീതി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.ലൈഫ്മിഷന്‍ പദ്ധതിയില്‍ പുതിയ രീതി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.