മുഖ്യമന്ത്രിയുടെ പ്രതികരണം സി.പി.എമ്മിലെ ആശയപ്രതിസന്ധിയുടെ തെളിവ്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിശ്വാസികളോടുള്ള സമീപനത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യത്യസ്ത നിലപാട് സ്വീകരിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം സി.പി.എമ്മില്‍ നിലനില്‍ക്കുന്ന ആശയപ്രതിസന്ധിയുടെ പ്രതിഫലനമാണ്. സി.പിഎം സംസ്ഥാന കമ്മിറ്റിക്ക് ശേഷം പാര്‍ട്ടി സെക്രട്ടറി വിശദീകരിച്ച യോഗതീരുമാനങ്ങള്‍ക്ക് കടകവിരുദ്ധമാണ് മുഖ്യമന്ത്രിയുടെ നിലപാട്.പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണെന്നും ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വീഴ്ചപറ്റിയെന്നുമാണ് പാര്‍ട്ടി സെക്രട്ടറിയുടെ നിരീക്ഷണമെങ്കില്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളേയും ന്യായീകരിക്കുകയും വെള്ളപൂശുകയുമാണ് മുഖ്യമന്ത്രി ചെയ്തത്.കേരളീയ പൊതുസമൂഹത്തെ ഇനിയും കബളിപ്പിക്കാതെ വസ്തുതകള്‍ തുറന്ന് പറയാന്‍ സി.പി.എം തയ്യാറാകണം. ബംഗാളിലും ത്രിപുരയിലും ഉള്‍പ്പടെ ഇന്ത്യയിലെ മറ്റെല്ലായിടങ്ങളിലും സി.പി.എം നേരിടുന്നത് ഭീകരമായ ആശയപ്രതിസന്ധി തന്നെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.