തിരുവനന്തപുരം : നിസാരകുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഗള്‍ഫ് നാടുകളില്‍ ജയിലുകളില്‍ കഴിയുന്ന പ്രവാസിമലയാളികളുടേയും വിധിയെ പഴിച്ച് ലേബര്‍ക്യാമ്പുകളില്‍ ആടുജീവിതം നയിക്കുന്ന ആയിരക്കണക്കിന് മലയാളി തൊഴിലാളികളുടേയും ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിക്ക് വ്യവസായികള്‍ക്കും സമ്പന്നന്‍മാര്‍ക്കും പ്രശ്‌നം ഉണ്ടാകുമ്പോള്‍ മാത്രമാണ് കൂടുതല്‍ വേദനയുണ്ടാകുന്നത്. ചില മലയാളി വ്യവസായികളുടെ ചെക്ക് കേസില്‍ വ്യക്തിതാല്‍പ്പര്യം പരിഗണിച്ചില്ലെന്ന പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് സാധരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ല. മുഖ്യമന്ത്രിയുടെ ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചത് ഗള്‍ഫുനാടുകളില്‍ ജീവിക്കാന്‍ വേണ്ടിയെത്തി കഷ്ടപ്പെടുന്ന സി.പി.എം അനുഭാവികളായ മലയാളികളാണ്. അവരുടെ പ്രതിഷേധമെങ്കിലും മുഖ്യമന്ത്രി ഉള്‍ക്കൊള്ളണം.നിത്യനിദാന ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താന്‍ സാധിക്കാതെ കേരളം പ്രതിസന്ധിയില്‍ കഴിയുമ്പോള്‍ ലോകം മുഴുവനും ഓടി നടക്കുന്ന മുഖ്യമന്ത്രി പ്രതികൂല സാഹചര്യങ്ങളില്‍ പണിയെടുക്കുന്ന പ്രവാസികളുടെ പണം ഉപയോഗിച്ച് ആര്‍ഭാടവും ധൂര്‍ത്തും നടത്തുന്നു. ഇത് കേരളീയ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്.