ന്യൂഡല്‍ഹി: ബാങ്കിംഗ് മേഖല ശക്തിപ്പെടുത്തുമെന്നും വായ്പാനടപടികള്‍ ലളിതമാക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.നാല് ബാങ്കുകള്‍ ലയനം സംബന്ധിച്ച പ്രഖ്യാപനവും ധനമന്ത്രി നടത്തി.രാജ്യത്ത് ഇനി 12 പൊതുമേഖല ബാങ്കുകള്‍ മാത്രമാണുണ്ടാവുക.പഞ്ചാബ് നാഷണല്‍ ബാങ്ക്,ഓറിയന്റല്‍ ബാങ്ക്,യുണൈറ്റഡ് ബാങ്ക് എന്നിവ ലയിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാവും.കാനറ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ലയിച്ച് നാലാമത്തെ വലിയ ബാങ്കാവും.യൂണിയന്‍ ബാങ്ക്,കോര്‍പ്പറേഷന്‍ ബാങ്ക്,ആന്ധ്ര ബാങ്ക് എന്നിവ ലയിച്ച് രാജ്യത്തെ അഞ്ചാമത്തെ വലിയ ബാങ്കാവും.ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കും ലയിച്ച് ഏഴാമത്തെ വലിയ ബാങ്കാവും.
55,200 കോടി രൂപ ബാങ്കുകള്‍ക്ക് കൈമാറും.ഈ നീക്കം വളര്‍ച്ച ലക്ഷ്യമാക്കിയിട്ടാണെന്നും ധനമന്ത്രി വ്യക്തമാക്കി.250 കോടിക്ക് മുകളിലുള്ള വായ്പകള്‍ പ്രത്യേകമായി നിരീക്ഷിക്കും.ബാങ്കുകളുടെ കിട്ടാക്കടത്തില്‍ ഒരുലക്ഷത്തി ആറായിരം കോടി രൂപയുടെ കുറവുണ്ട്. ബാങ്കുകള്‍ ഭവനവായ്പകള്‍ കുറച്ചു തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ നടപടികള്‍ പ്രഖ്യാപിക്കുകയാണെന്നും ധനമന്ത്രി അറിയിച്ചു.