തിരുവല്ല: രോഗികളെ ശുശ്രൂഷിക്കുന്നതിൽ ഡോക്‌ടർമാർ പ്രകടമാക്കുന്ന പ്രതിബദ്ധത അഭിനന്ദനീയമെന്ന് അഭി. മോറോൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത പ്രസ്താവിച്ചു. പ്രവർത്തനമാരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രി എന്ന നിലയിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉയർത്തപെട്ടത് അർപ്പണ മനോഭാവമുള്ള ഡോക്ടർമാരുടെ ഫലമായിട്ടാണ്. മെഡിക്കൽ വിദ്യാഭ്യാസത്തിനപ്പുറം കരുണാദ്രമായ സൗന്ദര്യാത്മക വിദ്യാഭ്യാസം കൂടിയുള്ള വ്യക്തിത്വത്തിന് ഉടമകളായിരിക്കണം ഭിഷഗ്വരൻ. മുന്നിൽ എത്തുന്ന രോഗിയുടെ മനസ്സ് തൊട്ടറിഞ്ഞ് അനുകമ്പയും സഹാനുഭൂതിയും ആർദ്രതയും നിറഞ്ഞ മനസ്സോടെ വൈദ്യവൃത്തി നടത്തുന്നവരെ വാർത്തെടുക്കുകയാണ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് കൊണ്ട് ലക്ഷ്യമിടുന്നതെന്നും മെത്രാപോലീത്ത കൂട്ടി ചേർത്തു.

ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ‘വൈറ്റ് ക്കോട്ട് ‘ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ സ്ഥാപകൻ കൂടിയായ മെത്രാപോലീത്ത.

ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ‘വൈറ്റ് ക്കോട്ട് ‘ ചടങ്ങ്

സഭാ സെക്രട്ടറി ഫാ. ഡോ.ഡാനിയേൽ ജോൺസൺ , ബിലിവേഴ്സ് ചർച്ച് ഹോസ്പിറ്റൽ മാനേജർ ഫാ. സിജോ പന്തപള്ളിയിൽ , ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. ജോർജ് ചാണ്ടി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺ എബ്രഹാം ,ഫാ. തോമസ് വർഗീസ് ,ഡോ. ഗിരിജ മോഹൻ എന്നിവർ സന്നിഹിതരായിരുന്നു.

വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എം.ബി.ബി.എസിന് പ്രവേശനം നേടിയ നൂറിലധികം വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും ചടങ്ങിൽ സംബന്ധിച്ചു.