മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ഇരുപത്തിരണ്ടു പേര്‍ മരിച്ചു.അമ്പതിലധികം പേര്‍ക്കു പരുക്കേറ്റു. സ്ഫോടനം നടക്കുമ്പോള്‍ ഫാക്ടറിയില്‍ നൂറിലേറെ ജീവനക്കാരുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി അഗ്നിശമനസേനാംഗങ്ങളും പോലീസും ദുരന്ത നിവാരണ സേനയും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പൊട്ടിത്തെറിച്ച ബോയിലറിന്റെ അടുത്ത് കൂടുതല്‍ പേര്‍ ജോലിക്കുണ്ടായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. ഫാക്ടറിക്കു ചുറ്റുമുള്ള വീടുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്കുള്‍പ്പെടെ പരുക്കേറ്റിട്ടുണ്ട്.ഫാക്ടറിയിലെ തീയണച്ചെങ്കിലും വിഷപ്പുക വ്യാപിക്കുന്നതിനാല്‍ സമീപത്തെ ആറു ഗ്രാമങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.