ദില്ലി:ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരായ ലൈംഗീക പീഡന പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സുപ്രീംകോടതി ഉത്തരവ്.ഫേസ്ബുക്കിലൂടെ നിയമവിദ്യാര്‍ത്ഥിനി ഉന്നയിച്ച ലൈംഗീകപീഡന ആരോപണമാണ് അന്വേഷിക്കുന്നത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല വഹിക്കും.പെണ്‍കുട്ടിയെ മറ്റൊരു കോളേജിലേക്കു മാറ്റാനും കോടതി ഉത്തരവിട്ടു.
മുന്‍ കേന്ദ്രമന്ത്രിയായിരുന്ന സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തതിനു പിന്നാലെ പെണ്‍കുട്ടിയെ കാണാതായിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് പെണ്‍കുട്ടിയെയും സുഹൃത്തിനേയും രാജസ്ഥാനില്‍ നിന്നും കണ്ടെത്തുകയായിരുന്നു.സ്വയം പരിരക്ഷിക്കാനായാണ് ഷാജഹാന്‍പൂര്‍ വിട്ടുപോയതെന്നും കുറച്ച് കാലം ദില്ലിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. തിങ്കളാഴ്ചവരെ കുട്ടിയെ ദില്ലിയിലെ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശവും നല്‍കിയിരുന്നു.