തിരുവല്ല: ക്ഷണികമായ ഈ ജീവിതം സ്വയം ത്യജിച്ച് മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ ഉപകരിക്കണമെന്ന് മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പൊലീത്ത. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്‍റെ ശിശു സംരക്ഷണ പദ്ധതിയായ ഹോപ്പ് ഫോര്‍ ചില്‍ഡ്രന്‍റെ ദേശീയ ശില്പശാല സഭാ ആസ്ഥാനമായ സെന്‍റ് തോമസ് നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മെത്രാപോലീത്ത.
ഇന്ത്യയുടെ തെരുവീഥികളില്‍ അലഞ്ഞുനടക്കുന്ന ബാല്യങ്ങളില്‍ ഒരാള്‍ നമ്മള്‍ ആകാത്തതുകൊണ്ട് അവരെ അവഗണിക്കരുത്. ആ ബാല്യങ്ങളാകാം നാളത്തെ നമ്മുടെ രാജ്യത്തെ നയിക്കുന്ന വ്യക്തികളില്‍ ഒരാള്‍. സഭയുടെ ഭാഗമെന്ന നിലയില്‍ സ്വയം ചിലവുകള്‍ കുറച്ച്, ആ പണം കൊണ്ട് ഒരു കുഞ്ഞിനെയെങ്കിലും പഠിപ്പിക്കാന്‍ സഭാമക്കള്‍ തയ്യാറാകണമെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, അനാഥരായ, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഒരു ലക്ഷത്തി അറുപതിനായിരത്തില്‍പ്പരം കുഞ്ഞുങ്ങളാണ് “ഹോപ്പ് ഫോര്‍ ചില്‍ഡ്രന്‍” പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 160-ഓളം പ്രതിനിധികളാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്.ഹോപ്പ് ഫോര്‍ ചിന്‍ഡ്രന്‍, ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ഡീക്കന്‍ ഫാ.സച്ചിന്‍.പി അദ്ധ്യക്ഷത വഹിച്ചു. സഭാസെക്രട്ടറി റവ. ഡോ. ദാനിയേല്‍ ജോണ്‍സണ്‍, മിഷന്‍ ഡയറക്ടര്‍ ഡോ.സിനി പുന്നൂസ്, ദേശീയ കമ്മറ്റി ട്രഷറാര്‍ വിപിന്‍ റ്റി.വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. ശില്‍പ്പശാല 21-നു സമാപിക്കുമെന്ന് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പി.ആര്‍.ഒ.ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു.