ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ പേര് ബംഗ്ലാ എന്ന് മാറ്റുന്ന വിഷയം സംസാരിച്ചതായും അനുകൂല പ്രതികരണം ലഭിച്ചതായും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. “ഇതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു,” അവർ യോഗത്തിന്റെ അവസാനം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനവും കേന്ദ്രവും ഒരുമിച്ചു പ്രവർത്തിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്ന് മമത പറഞ്ഞു.ലോകത്തിലെ രണ്ടാമത്തെ വലിയ കൽക്കരി പദ്ധതി ഉദ്ഘാടനം ചെയ്യാൻ ദുർഗാ പൂജയ്ക്ക് ശേഷം പ്രധാനമന്ത്രി മോദിയെ ബംഗാളിലേക്ക് ക്ഷണിച്ചു.
“ ഒരു നല്ല കൂടിക്കാഴ്ചയായിരുന്നു … വികസന വിഷയങ്ങളാണ് ഞങ്ങൾ കൂടുതലും ചർച്ച ചെയ്തത്,” ദേശീയ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ദില്ലിയിലെത്തിയ ശ്രീമതി ബാനർജി പറഞ്ഞു.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ബംഗാളിൽ വൻ മുന്നേറ്റം തന്നെ നടത്തി, സംസ്ഥാനത്തെ 42 സീറ്റുകളിൽ 18 എണ്ണം നേടി. പ്രതിപക്ഷത്തുള്ള സി പി എമ്മിനെയും കോൺഗ്രസ്സിനെയും പിന്തള്ളി തൃണമൂലിനെ നേരിട്ടെതിർക്കുന്ന യഥാര്‍ത്ഥ പ്രതിപക്ഷമാകാൻ ബംഗാളിൽ ബി ജെ പിക്കായി.പ്രധാനമന്ത്രിയെ പിറന്നാളാശംസിക്കാൻ പോയ മമതാബാനർജി കൂടിക്കാഴ്ചയെക്കുറിച്ചു പറയുന്നതിങ്ങനൊക്കെയാണ്. എന്നാൽ ശാരദാ ചിട്ടിതട്ടിപ്പു കേസിൽ സി ബി ഐ പിടിമുറുക്കുന്നതിൽ നിന്നും രക്ഷനേടാനാണ് മമതയുടെ ശ്രമമെന്ന് ബംഗാളിലെ പ്രതിപക്ഷം ഒന്നടങ്കം പറയുന്നു. മുൻ ബംഗാൾ പോലീസ് മേധാവി രാജീവ്കുമാറിനെ സി ബി ഐയിൽ നിന്നും രക്ഷിച്ചെടുക്കാനുള്ള അവസാനവട്ട ശ്രമമാണ് മമത നടത്തുന്നത് എന്നാണ് വിമർശകരുടെ ഭാഷ്യം.