കോന്നി : അടൂർ പ്രകാശിനെ യു ഡി എഫ് കോൺവെൻഷനിൽ പങ്കെടുപ്പിക്കാനുള്ള മുല്ലപ്പള്ളിയുടെ ശ്രമങ്ങൾ വിജയിച്ചു എങ്കിലും ഈ അവസരത്തിൽ  ചിലതു പറയാതെ വയ്യ .എത്ര  പെട്ടെന്നാണ് ആളുകളുടെ സ്വഭാവം മാറുന്നത് .മൂന്നു മാസം മുൻപ് ആറ്റിങ്ങൽ ലോക്‌സഭാ സീറ്റിൽ മത്സരിക്കാനിറങ്ങുമ്പോൾ പല കോണുകളിൽ നിന്നും അഴിമതിക്കാരനും  വരുത്തനും അബ്‌കാരിയും ആണ്  അടൂർ പ്രകാശ് എന്ന പ്രചാരണം ഉണ്ടായി .എതിർപ്പുകളെയും പടലപ്പിണക്കങ്ങളെയും അസാധാരണ മെയ്‌വഴക്കത്തോടെ എല്ലാരുടെയും കാൽക്കൽ വീണ് വല്ലവിധേനയും ജയിച്ചു കയറിയ ആൾ  ഇന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ ഫോൺ എടുക്കുന്നില്ല .വളരെ ശ്രമങ്ങൾക്ക് ശേഷമാണ് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് അടൂർപ്രകാശിനെ ഒന്ന് കാണാനായത് .പ്രകാശിനെ വല്ലവിധേനയും അനുനയിപ്പിച് പ്രചാരണത്തിൽ കൂടെ നിർത്താനാണ് ശ്രമം.പലവിധ വിമത നീക്കങ്ങൾ ആറ്റിങ്ങൽ ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയിൽ  പ്രകാശ് അതിജീവിച്ചത് കോൺഗ്രസ്  നേതാക്കളായ രമേശ് ചെന്നിത്തല ,വി എം സുധീരൻ ,ഉമ്മൻ‌ചാണ്ടി എന്നിവരുടെ അകമഴിഞ്ഞ സഹായങ്ങൾ കൊണ്ടാണ് .
അടൂർ പ്രകാശിന്റെ സമ്മർദ്ദ രീതികൾ പാർട്ടിയെയും പ്രതിരോധത്തിലാക്കുന്നു .ഇത്തരം അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിക്കുമ്പോൾ ഒരു തെരെഞ്ഞെടുപ്പിൽ അത് എങ്ങനെയൊക്കെ സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥിയെ ബാധിക്കും എന്ന് അറിയാത്ത ആളൊന്നുമല്ല അടൂർ പ്രകാശ് .ഇടതു പക്ഷത്തിനു ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കോന്നി കൃത്യമായ പ്രചാരണവും ഒത്തൊരുമയും  ഉണ്ടെങ്കിൽ മാത്രമേ കോന്നിയിൽ കോൺഗ്രസിന് ജയിച്ചു കയറാനാകു . അടൂർപ്രകാശിന്റെ പിടിവാശിയൊക്കെ അവസാനിക്കും വരും ദിവസങ്ങളിൽ  അദ്ദേഹം പ്രചാരണരംഗത്തു സജീവമാകുകയും ചെയ്യും പക്ഷെ ഇതിനോടകം തന്നെ വിവാദങ്ങൾ പി മോഹൻരാജ് എന്ന  കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയ പ്രതീക്ഷകൾക്ക് മേൽ പരിഹരിക്കാനാകാത്തവണ്ണം  ആഘാതമേല്പിച്ചു കഴിഞ്ഞു .