താരപരിവേഷങ്ങളില്ലാതെ ചെറിയതാരങ്ങളുമായി തീയറ്ററിലെത്തിയ ജെല്ലിക്കെട്ട് എന്ന സിനിമ പ്രേക്ഷകര്‍ക്ക് ഒരു പുതുമയുള്ള അനുഭവമായി മാറുകയാണ്. ഈ സിനിമയിലെ ഓരോ ചെറിയ കഥാപാത്രങ്ങള്‍ പോലും അവരുടെ പ്രകടനം കൊണ്ട് കാണികളുടെ ഹൃദയത്തില്‍ കയറിപ്പറ്റുന്നുണ്ട്. എന്നും തന്റേതായ സംവിധാനശൈലി കൊണ്ട് വിസ്മയം തീര്‍ക്കുന്ന ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകന്റെ ഈ ചിത്രവും തീയറ്ററുകളെ നിറയിക്കുകയാണ്. ഒരു ഇറച്ചിക്കടയില്‍ നിന്നും കയറുപ്പോട്ടിച്ചോടുന്ന പോത്ത് നാട്ടില്‍ ഭീതി പരത്തുന്നതും പിന്നീട് എല്ലാവരും ചേര്‍ന്ന് ഇതിനെ പിടികൂടാന്‍ പോകുന്നതുമാണ് സിനിമയുടെ പ്രമേയം. ലിജോ ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത് ഒരു പോത്തിനെ പിറകേ പായുന്ന ജനക്കൂട്ടം എന്നതിലുപരി ഒരു പ്രദേശത്തെ ജനതയുടെ വര്‍ത്തമാനകാലത്തെക്കുറിച്ചുകൂടിയാണ്. മൃഗമായി മാറുന്ന മനുഷ്യന്റെ ഇന്നത്തെ സാമൂഹികജീവിതം തുറന്നുകാണിക്കുന്നു. ഇതില്‍ മനോഹരമായ ഷോട്ടുകള്‍ വളരെ വ്യത്യസ്തമായ രീതിയില്‍ ചിത്രീകരിച്ച ക്യാമറാമാന്‍ ഗിരീഷ്ഗംഗാധരന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. സാഹചര്യത്തിന്റെ പ്രാധാന്യമനുസരിച്ചുള്ള പാശ്ചാത്തല സംഗീതം നല്‍കിയ പ്രശാന്ത്പിള്ളയും മികച്ച് നില്‍ക്കുന്നു. ഇതിന്റെ എഡിറ്റര്‍ ദീപുജോസഫ്, ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ദാസ്, മെയ്ക്കപ്പ് മാന്‍ റോണി സേവ്യര്‍ എന്നിവര്‍ക്കും കൈയടി കൊടുത്തേ പറ്റൂ. ലിജോജോസ് പെല്ലിശ്ശേരി എന്ന സംവിധായകനും ടീമും പൊളിയാണ് മൊത്തത്തില്‍.