കോഴിക്കോട്: ഗെയില്‍ സമരത്തിന് പിന്തുണ അറിയിച്ച് യു ഡി എഫ് നേതാക്കള്‍ മുക്കത്തെത്തി. കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപിയും രാവിലെ 11 മണിയോടെ സംഘര്‍ഷം ഉണ്ടായ സ്ഥലത്തെത്തി. നേതാക്കളുമായി ചര്‍ച്ച നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

കേരള ചരിത്രത്തില്‍ ഇത് വരെയുണ്ടാകാത്ത പോലീസ് അക്രമമാണ് മുക്കത്ത് നടന്നതെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഗെയില്‍ വിരുദ്ധ സമരം യു ഡിഎഫ് ഏറ്റെടുക്കുമെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ജനങ്ങള്‍ക്കൊപ്പം യു ഡി എഫ് നിലകൊള്ളുമെന്നും നേതാക്കള്‍ പറഞ്ഞു.

പ്രതിഷേധങ്ങള്‍ക്കിടയിലും വാതകപൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്ത് തുടങ്ങിയിട്ടുണ്ട്. ഗെയ്ല്‍ വാതകപൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാരും നിലപാടറിയിച്ചു കഴിഞ്ഞു.