താങ്കളുടെ ഇന്നലത്തെ ഫേസ്ബുക്ക് പോസ്റ്റാണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്.
”608 റാങ്കുകാരൻ ഇന്റർവ്യൂവിൽ ഒന്നാംറാങ്ക് കാരനായി, ഉയർന്ന മാർക്കോടെ ഫൈനൽ റാങ്ക് ലിസ്റ്റിൽ 210 റാങ്കുകാരനായി ദേശീയതലത്തിൽ സ്ഥാനം പിടിച്ചത് ഒരുപക്ഷെ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാവാം.”
ഈ പോസ്റ്റിലൂടെ താങ്കൾ ഉന്നയിക്കുന്നത് രണ്ട് പ്രധാന സംശയങ്ങളാണ്.
ഒന്ന്: അന്തിമ റാങ്ക് പട്ടികയിലെ ഒന്നാമനേക്കാൾ രമിത് ചെന്നിത്തലയ്ക്ക് എങ്ങനെ മുപ്പത് മാർക്ക് കൂടുതൽ കിട്ടി ?
രണ്ട്: എഴുത്ത് പരീക്ഷയിലെ 608 ആം റാങ്ക് കാരൻ അന്തിമ പട്ടികയിൽ 210 ആം സ്ഥാനത്തായത് എങ്ങനെ ?.
താങ്കളോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാമെങ്കിലും വഹിക്കുന്ന പദവി ഉന്നത വിദ്യാഭ്യാസമന്ത്രിയുടേതായതു കൊണ്ട് ഞാൻ തെളിവുകളുടെ അടിസ്ഥാനത്തിൽ താങ്കളുടെ വാദം ഖണ്ഡിക്കാം.
2012 ലെ സിവിൽ സർവ്വീസ് പരീക്ഷാ ഫലം താങ്കൾ ഒന്നു പരിശോധിക്കണം. ഒന്നാം റാങ്ക് ലഭിച്ചത് ഹരിത വി കുമാറിന്. ആ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഒഡീഷയിലെ Dhenkanal ജില്ലാ പോലീസ് മേധാവിയും മലയാളിയുമായ അനുപമ ജയിംസിന്റെ സിവിൽ സർവ്വീസ് നേട്ടം ഇനി പറയും പ്രകാരമാണ്.
അഭിമുഖ പരീക്ഷയിലെ ഒന്നാം റാങ്കുകാരിയാണ് അനുപമ. എഴുത്തുപരീക്ഷയിൽ റാങ്ക് 604. അന്തിമറാങ്ക് പട്ടികയിൽ സ്ഥാനം 163 !
മിസ്റ്റർ ജലീൽ, അനുപമ ജയിംസിന്റെ ഈ നേട്ടങ്ങളും സ്വാധീനിച്ച് നേടിയതാണെന്ന് നിങ്ങൾ പറയുമോ?
2012 ലെ തന്നെ പട്ടികയിൽ റാങ്ക് 276 നേടിയത് Sawni Dikshit ആണ്. അവരുടെ എഴുത്ത് പരീക്ഷയിലെ റാങ്ക് എത്രയെന്നോ? 792 !
ഇതേ റാങ്ക് പട്ടികയിൽ ഒന്നാം റാങ്കുകാരിയേക്കാൾ 65 മാർക്ക് കൂടുതൽ നേടിയാണ് അനുപമ ജയിംസ് അഭിമുഖ പരീക്ഷയിൽ ഒന്നാമതെത്തിയത്.
ഇനി രമിത്ത് ചെന്നിത്തലയുൾപ്പെട്ട 2017 ലെ റാങ്ക് പട്ടികയിലേക്ക് വരാം.
ആകെ 990 പേരാണ് അന്തിമറാങ്ക് പട്ടികയിലുള്ളത്.എഴുത്തുപരീക്ഷയിൽ ലഭിച്ച റാങ്കിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട റാങ്ക് അന്തിമ പട്ടികയിൽ ലഭിച്ചവർ 215 ആണ്. അതിൽ തന്നെ 300 ൽ കൂടുതൽ റാങ്ക് മെച്ചപ്പെടുത്തിയവർ ഇരുപതാണ് !
763 പേർക്ക് അഭിമുഖം കഴിഞ്ഞപ്പോൾ റാങ്ക് താഴോട്ട് പോയി. അതിൽ 400 റാങ്കിൽ കൂടുതൽ താഴോട്ടു പോയവർ മൂന്നും 300 ൽ കൂടുതൽ റാങ്ക് പിന്നോട്ട് പോയവർ 21 ഉം ആണ് എന്ന് താങ്കൾക്കറിയാമോ?
അന്തിമ പട്ടികയിൽ
ഇത്തരത്തിൽ നൂറ് കണക്കിന് ആളുകൾ അഭിമുഖ പരീക്ഷകളുടെ പിൻബലത്തിൽ റാങ്ക് പട്ടികയിൽ മുന്നിലേക്കും പിന്നിലേക്കും വരാറുണ്ട്.
ശ്രീ ജലീലിന്റെ മാർക്ക് ദാനശീലം പരസ്യമാണല്ലൊ. അതെക്കുറിച്ച് തത്ക്കാലം പ്രതിപാദിക്കുന്നില്ല. പ്രതിപക്ഷ നേതാവും അക്കാദമിക സമൂഹവും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഒന്നിനും മറുപടിയില്ലാഞ്ഞിട്ടാണല്ലൊ താങ്കൾ ഇത്തരം ആരോപണവുമായി രംഗത്ത് വരുന്നത്.
ഇനിയെങ്കിലും യഥാർത്ഥ്യങ്ങൾ മനസ്സിലാക്കി രമിത്തെന്ന ചെറുപ്പക്കാരനോടും കഷ്ടപ്പെട്ട് UPSC പാസായ മറ്റുള്ളവരോടും മാപ്പു പറയാൻ ശ്രീ ജലീൽ തയ്യാറാകുമോ? ഇല്ലെങ്കിൽമന്ത്രിമന്ദിരത്തിലെ നിലക്കണ്ണാടിയിൽ നോക്കുക , അപ്പോൾ ബോധ്യമാകും ആ മുഖം എത്ര വികൃതമാണെന്ന് .
(വി.ഡി. സതീശൻ MLA)