മുംബൈ:ഏറെ നാടകീയ രംഗങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ മന്ത്രിസഭ രൂപീകരിക്കാൻ കളം തെളിഞ്ഞു .മുപ്പതു വർഷം നീണ്ട ബി ജെ പി-ശിവസേന കൂട്ടുകെട്ട് പൊളിഞ്ഞതോടെ ബദൽ സംവിധാനങ്ങൾക്ക് ചൂടു പിടിച്ചു .നേരത്തെ തന്നെ ശിവസേന ബി ജെ പി മുന്നണി വിട്ടു പുറത്തു വന്നാൽ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കാം എന്ന് എൻ സി പി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞിരുന്നു .ശിവസേനയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നൽകില്ല എന്ന് ബി ജെ പി തീരുമാനിച്ചതും അക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല എന്ന് സേനയും വ്യക്തമാക്കിയതോടെയാണ് എൻ ഡി എ മുന്നണിയുടെ മരണമണി മഹാരാഷ്ട്രയിൽ മുഴങ്ങിയത് .
ബി ജെ പി യെ അധികാരത്തിൽ നിന്നും മാറ്റിനിർത്തിയുള്ള രാഷ്ട്രീയ നീക്കം യാഥാർഥ്യമാകണമെങ്കിൽ കോൺഗ്രസിന്റെ പിന്തുണ കൂടെ വേണ്ടിവരും.കോൺഗ്രസിന്റെ മഹാരാഷ്ട്രയിലെ നിയമസഭാ അംഗങ്ങൾ മന്ത്രിസഭയിൽ ചേരണം എന്ന അഭിപ്രായമുള്ളവരാണ് ,അതുകൊണ്ടുതന്നെ കോൺഗ്രസിലെ ചില നേതാക്കൾ എതിർത്താലും കോൺഗ്രസിന് മന്ത്രിസഭയുടെ ഭാഗമാകേണ്ടി വരും എന്ന് തന്നെയാണ് സൂചനകൾ .
ആദിത്യ താക്കറെയുടെ നേതൃത്വത്തിൽ ശിവസേന നിയമസമാജികർ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു .
നൂറ്റി അഞ്ചു സീറ്റാണ് ബി ജെ പിക്ക് മഹാരാഷ്ട്രയിൽ നേടാനായത് .ശിവസേനയ്ക്ക് അമ്പത്തിയാറ് സാമാജികരുണ്ട് .കോൺഗ്രസിന് നാല്പത്തിനാലും എൻ സി പിക്ക് അമ്പത്തിനാലും അംഗങ്ങളാണ് മഹാരാഷ്ട്ര നിയമസഭയിലുള്ളത് .കേവല ഭൂരിപക്ഷത്തിന് നൂറ്റിനാല്പത്തഞ്ചാംഗങ്ങളുടെ പിന്തുണയാണ് വേണ്ടത് .