സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന കിഫ്ബിയില്‍ അഴിമതി നടക്കുന്നില്ലെങ്കില്‍ സി എ ജി ആവശ്യപ്പെട്ട പ്രകാരമുള്ള സമഗ്ര ആഡിറ്റിംഗിനെ ധനമന്ത്രി ഭയക്കുന്നതെന്തിനെന്ന്‍ വ്യക്തമാക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍. കിഫ്ബിയിലേക്ക് സ്വരൂപിക്കുന്ന ഓരോ രൂപയ്ക്കും സര്‍ക്കാരാണ് ഗ്യാരണ്ടി നല്‍കുന്നത്. ബോണ്ടായാലും വായ്പായായാലും തിരിച്ചടക്കേണ്ടത്‌ പൊതു ഖജനാവില്‍ നിന്നാണ്. അതുകൊണ്ടാണ് സി എ ജി (ചുമതലകള്‍, അധികാരങ്ങള്‍, സേവന വ്യവസ്ഥകള്‍) നിയമം 1971 അനുശാസിക്കുന്ന സെക്ഷന്‍ 20(2) അനുസരിച്ച് സമഗ്രമായ അന്വേഷണത്തിന് അനുവദിക്കണമെന്ന് സി എ ജി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. നിലവില്‍ നടക്കുന്ന ആഭ്യന്തര ആഡിറ്റിംഗ് സര്‍ക്കാര്‍ ഗ്രാന്റുകളുടെ കണക്കു മാത്രമേ പരിശോധിക്കുകയുള്ളൂ. കിഫ്ബി രൂപികരിച്ചിട്ടുള്ള ഫണ്ട്‌ ട്രസ്റ്റി ആന്‍ഡ് അഡ്വൈസറി കമ്മീഷന്‍ (എഫ് റ്റി എ സി ) നടത്തുന്ന ആഭ്യന്തര ആഡിറ്റിംഗ് മുഴുവന്‍ വരവ്-ചിലവുകളുടെ സമഗ്ര ആഡിറ്റിംഗല്ല. അതിനാലാണ് സെക്ഷന്‍ 20(2) അനുസരിച്ചുള്ള ആഡിറ്റിംഗ് വേണമെന്ന് സി എ ജി യും പ്രതിപക്ഷവും ആവശ്യപ്പെടുന്നത്. സമഗ്ര ആഡിറ്റിംഗ് നടന്നാല്‍ അക്ഷയപാത്രമായി വിശേഷിപ്പിക്കുന്ന കിഫ്ബി വെറും ഓട്ടക്കലമാണെന്ന് തെളിയും. പരസ്യത്തിനും പ്രമോട്ടിങ്ങിനും മറ്റു നാനാവിധ ധൂര്‍ത്തുകള്‍ക്കുമായി ചിലവിട്ട തുകയും അതുവഴി ലഭിച്ച തുകയും വ്യക്തമാകും. അത് പുറത്ത് വരാതിരിക്കാനാണ് മുടന്തന്‍ ന്യായങ്ങളുമായി ധനമന്ത്രി ശ്രമിക്കുന്നത്. തങ്ങളുടെ നികുതിപ്പണം എങ്ങനെയാണ് ചിലവഴിക്കുന്നതെന്ന് അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ മുന്‍ നിര്‍ത്തിയാണ് പ്രതിപക്ഷം വിഷയം ഉന്നയിക്കുന്നത്. ഈ അവകാശത്തെ നിഷേധിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ദേവരാജന്‍ ചൂണ്ടിക്കാട്ടി.