മലപ്പുറം : ഫുട്‌ബോള്‍ വാങ്ങാന്‍ യോഗം കൂടിയ കുഞ്ഞുങ്ങളുടെ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ കാഴ്ചയായിരുന്നു. കുട്ടികൂട്ടത്തിന്റെ യോഗം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ സിനിമാ താരം ഉണ്ണിമുകുന്ദനടക്കം പലരും ഇവര്‍ക്ക് ജേഴ്‌സിയും പന്തും സമ്മാനം നല്‍കി. കേരള ബ്ലാസ്റ്റേഴ്‌സ് കലൂര്‍ സ്റ്റേഡിയത്തിലേക്ക് ഇവരെ ക്ഷണിക്കുകയും ചെയ്തു. ഇപ്പോഴിതാ ഇവര്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. നടി അഞ്ജലി നായര്‍ ഒരു എഫ്.എം ഷോയ്ക്കിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ജലി തന്നെ നിര്‍മ്മിക്കുന്ന മൈതാനം എന്ന ചിത്രത്തില്‍ കുട്ടി ഫുട്‌ബോള്‍ കളിക്കാരായിത്തന്നെയാവും ഇവര്‍ അഭിനയിക്കുക. പത്തു വയസ്സുകാരന്റെ കഥ പറയുന്ന മൈതാനം അന്‍സര്‍ താജുദ്ദീന്‍ ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആവ്‌നി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുക്കുന്നത്. മലപ്പുറം നിലമ്പൂരിലുള്ള കുറച്ച് കുട്ടികളാണ് ഫുട്‌ബോളും ജേഴ്‌സിയും വാങ്ങാനുള്ള യോഗം നടത്തിയത്. ഇത് സോഷ്യല്‍ മീഡിയിലയിലൂടെ വൈറലാകുകയായിരുന്നു.