തിരുവനന്തപുരം : കേരളാ വാഴ്‌സിറ്റിയിലെ മാര്‍ക്ക് കുംഭകോണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു. പ്രവര്‍ത്തകര്‍ നടത്തിയ സമരത്തില്‍ പൊലീസ് ഭീകരമായ മര്‍ദ്ദനമുറ അഴിച്ചുവിട്ട സംഭവം കിരാത നടപടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സമരത്തില്‍ പങ്കെടുക്കാനെത്തിയ ഷാഫി പറമ്പില്‍ എം.എല്‍എ., സമരത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന പ്രസിഡന്റ് അഭിജിത്ത്, വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷീദ്, ഭാരവാഹികളായ ജിഹാദ്, ജോമോന്‍, യദുകൃഷ്ണ, അഫ്താബ്, കെ.എസ്.യു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്തലവി എന്നിവര്‍ക്കാണ് ലാത്തിച്ചാര്‍ജ്ജില്‍ മര്‍ദ്ദനമേറ്റത്. തികച്ചും സമാധാനപരമായി സമരം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ബോധപൂര്‍വ്വം അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.