മുംബൈ: മഹാരാഷ്ട്രയിൽ ബി ജെ പിയെ ഒഴിവാക്കി മന്ത്രിസഭയുണ്ടാകും എന്നത് ഉറപ്പായി .ശിവസേന ,എൻ സി പി ,കോൺഗ്രസ് എന്നീ പാർട്ടികൾ ഒത്തുചേർന്നപ്പോൾ തകരുന്നത് ബി ജെ പിയുടെ തുടർഭരണം എന്ന മോഹമാണ് .ബി ജെ പിയുടെയും സേനയുടെയും ഏതാണ്ട് മുപ്പതു വർഷത്തെ കൂട്ടുകെട്ടാണ് തകർന്നത് .മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള ഇരു പാർട്ടികളുടെയും കലഹം അവസാനം ഒരു തരത്തിലും ഒത്തുചേർക്കാനാവാത്തവണ്ണം ആയിത്തീർന്നു .ആർ എസ് എസ്സും ഒത്തുതീർപ്പിനായി ശ്രമിച്ചിരുന്നു .
ശിവസേന- എൻ സി പി എന്നീ പാർട്ടികൾ മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്ഷം വീതം പങ്കിടും .കോൺഗ്രസ് പ്രതിനിധി അഞ്ചു വർഷവും ഉപമുഖ്യമന്ത്രിസ്ഥാനം അലങ്കരിക്കും .ഭരിക്കാനായി ഒരു പൊതു മിനിമം പ്രോഗ്രാം രൂപപ്പെടുത്തിയതോടെയാണ് ശിവസേനയുടെ കൂടെച്ചേരാൻ കോൺഗ്രസ് – എൻ സി പി കക്ഷികൾ തയ്യാറായത് . ശിവസേനയ്‌ക്കൊപ്പം ചേരാനുള്ള നീക്കം കോൺഗ്രസിലാണ് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത് . തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവസേനയുമായി എങ്ങനെ ഒത്തുപോകും എന്ന് കോൺഗ്രസിലെ പല പ്രമുഖ നേതാക്കൾക്കും ആശങ്കയുണ്ട് .എന്നാൽ കേരളത്തിൽ മുസ്ലിം ലീഗുമായി കൂടിച്ചേരാമെങ്കിൽ ശിവസേനയുമായി മഹാരാഷ്ട്രയിൽ ഒരുമിച്ചു പോകുന്നതിൽ ഒരു കുഴപ്പവുമില്ല എന്ന് സഖ്യത്തെ അനുകൂലിക്കുന്നവർ പറയുന്നു .
മഹാരാഷ്ട്രയിലെ പുതിയ സഖ്യ പുരോഗതിയിൽ ഏറ്റവും കൂടുതൽ ഇടിവുപറ്റിയതു മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിനാണ് .ഒരിക്കൽക്കൂടി മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നെങ്കിൽ ഒരുപക്ഷെ ആർ എസ് എസ് പിന്തുണയോടെ ഒരുപക്ഷെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായേനെ ഫഡ്‌നാവിസ് .അതിനാൽ തന്നെ മഹാരാഷ്ട്ര പ്രതിസന്ധി തീർക്കാൻ അമിത്ഷാ വേണ്ടരീതിയിൽ ഇടപെട്ടില്ല .അമിത്ഷാ നേരത്തെ ഇടപെട്ടിരുന്നുവെങ്കിൽ സേനയുമായുള്ള ബിജെപിയുടെ സഖ്യം തകരില്ലായിരുന്നു .തൽക്കാലം മഹാരാഷ്ട്രയിൽ ബി ജെ പി അധികാരത്തിലില്ലെങ്കിലും സാരമില്ല എന്നതായി തീരുമാനം . ഉയർന്നു പറക്കാനുള്ള ഫഡ്നാവിസിന്റെ മോഹം ഷാ മുളയിലേ നുള്ളി . ഏതായാലും വരും ദിവസങ്ങൾ മഹാരാഷ്ട്രയിലെങ്കിലും ബിജെ പിക്ക് ആശാവഹമല്ല .