മുംബൈ:ദേവേന്ദ്ര ഫട്നാവിസിനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കി ബി ജെ പിയുടെ നാടകീയ നീക്കം. മുഖ്യമന്ത്രിയായി ഫട്നാവിസും എൻ സി പിയുടെ അജിത്ത് പവാർ ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയിൽ ശിവസേന,എൻ സി പി, കോൺഗ്രസ്സ് കൂട്ടുകെട്ടിൽ മന്ത്രിസഭ രൂപീകരിക്കും എന്ന നിലയിൽ കാര്യങ്ങൾ പുരോഗമിക്കുന്ന വേളയിലാണ് നാടകീയ ട്വിസ്റ്റ്.എൻ സി പി നേതൃത്വം അറിഞ്ഞുകൊണ്ടാണോ അജിത്ത് പവാറിന്റെ ഈ നീക്കം എന്നത് വ്യക്തമല്ല. എൻ സി പി പിളർന്നു എന്നും ,അതല്ല ശരദ് പവാറിന്റെ അനുവാദത്തോടെയാണ് മന്ത്രിസഭ ഉണ്ടായിരിക്കുന്നത് എന്നുമുളള അഭ്യൂഹങ്ങളിൽ ശരിയായ വിവരം ലഭ്യമാകാറായിട്ടില്ല.കോൺഗ്രസ്സിൽ അമ്പരപ്പ് മാറാൻ ഒരുപാട് സമയമെടുക്കും.മുൻകാല അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കാത്ത കോൺഗ്രസ്സ് തകർച്ചയുടെ വക്കിലാണ്. എങ്ങനെയും മന്ത്രിസഭയുണ്ടാക്കിയേ തീരൂ എന്ന കോൺഗ്രസ്സ് സാമാജികരുടെ ആഗ്രഹമാണ് വലിച്ചു നീട്ടിയ മാരത്തോൺ ചർച്ചകളിലൂടെ കോൺഗ്രസ്സ് നേതൃത്വം നശിപ്പിച്ചത്. ചടുലമായ മിന്നൽ നീക്കങ്ങൾ വേണ്ടയിടത്ത് തണുപ്പൻ നീക്കങ്ങൾ നടത്തിയതിന് കൊടുക്കേണ്ടി വന്ന വലിയ വില.