മുംബൈ : നൂറ്റി അറുപത്തിരണ്ടു എം എൽ എ മാരെ അണിനിരത്തി ശിവസേന ,എം സി പി ,കോൺഗ്രസ് കക്ഷികൾ ബി ജെ പിയെ വെല്ലുവിളിച്ചു .നാളെ രാവിലെ പത്തരയ്ക്ക് വിശ്വാസവോട്ടെടുപ്പു സംബന്ധിച്ച സുപ്രീം കോടതി വിധി വരാനിരിക്കെ തങ്ങളുടെ എം എൽ എ മാരെ മുഴുവനും മുംബൈയിലെ ഹയ്യാത്ത് ഹോട്ടലിൽ അണിനിരത്തി നടത്തുന്ന ശക്തിപ്രകടനം വലിയ ആത്മവിശ്വാസമാണ് ശിവസേന ,എൻ സി പി , കോൺഗ്രസ് കക്ഷികൾക്ക് നൽകുന്നത് . ഉദ്ധവ് താക്കറെ ,ശരദ് പവാർ ,മല്ലികാർജ്ജുന ഖാർഗെ എന്നിവരാണ് ശക്തിപ്രകടനത്തിനു നേതൃത്വം നൽകിയത് .തങ്ങളുടെ എം എൽ എ മാരെ അടർത്തിമാറ്റാൻ എത്രകണ്ട് ശ്രമിക്കുമോ അത്രയ്ക്കും തങ്ങൾ ശക്തരാകും എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു .ശരദ് പവാറാകട്ടെ ബി ജെ പിയെ വെല്ലുവിളിക്കുന്ന തരത്തിലാണ് സംസാരിച്ചത് ,വിശ്വാസവോട്ടെടുപ്പു നടക്കുമ്പോൾ ഇതിലും കൂടുതൽ എം എൽ എ മാരെ തങ്ങളുടെ ഭാഗത്ത് അണിനിരത്തുമെന്നും പവാർ പറഞ്ഞു .കോൺഗ്രസിന്റെ ഒരു എം എൽ എ യെപ്പോലും ബി ജെ പി കൊണ്ടുപോകില്ല എന്ന് മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു .
ഫഡ്നാവിസിനെ അധികാരത്തിലേറ്റിയ ഗവർണർക്കു കിട്ടുന്ന കനത്ത ആഘാതം കൂടിയാണ് എം എൽ എ മാരെ പരസ്യമായി അണിനിരത്തിയ നടപടി .നാളത്തെ കോടതി വിധിയെയും ഈ പ്രകടനം ബാധിക്കുക തന്നെ ചെയ്യും .
ഭൂരിപക്ഷമുണ്ടെന്ന ബി ജെ പി യുടെ വാദങ്ങളുടെ മുനയൊടിക്കുന്ന നടപടിയാണ് ത്രികക്ഷികളുടെ നീക്കം .വളരെ ആത്മവിശ്വാസത്തിലാണ് ഉദ്ധവ് താക്കറെയും ശരദ് പവാറും .കോൺഗ്രസിനും തങ്ങളുടെ എം എൽ എ മാരെ ഉറപ്പിച്ചു നിർത്താനാകുന്നുണ്ട് .