ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനുള്ള രജതമയൂരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം ഈ പുരസ്‌കാരം നേടുന്നത്. കഴിഞ്ഞ തവണ ഈമയൗ എന്ന ചിത്രത്തിനായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി രജതമയൂരം നേടിയിരുന്നത്. പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച ചിത്രമായി സ്വിസ് സിനിമ പാര്‍ട്ടിക്കിള്‍സ് തെരെഞ്ഞെടുക്കപ്പെട്ടു. ഗറില്ല രാഷ്ട്രീയ തടവുകാരനായ കാര്‍ലോസ് മാരിഗെല്ലയെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയ സ്യുഷോര്‍ഷിയാണ് മികച്ച നടന്‍. മികച്ച നടിക്കുള്ള രജതമയൂരം ഉഷ ജാദവ് (മായ്ഘട്ട്) സ്വന്തമാക്കി. ഉരുട്ടിക്കൊലയ്ക്ക് വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് മായ്ഘട്ട്. ചലച്ചിത്രമേളയുടെ സുവര്‍ണജൂബിലി പതിപ്പിനോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് ഇക്കുറി ഒരുക്കിയിരുന്നത്.