ദേശങ്ങള്‍ക്കും, ഭാഷകള്‍ക്കും അതീതമായി ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഇഷ്ടസിനിമയാണ് ജയിംസ്‌ബോണ്ട്. ജയിംസ്‌ബോണ്ട് പരമ്പരകളിലെ ഏറ്റവും പുതിയ സിനിമയാണ് നോ ടൈം ടു ഡൈ. ഇതിന്റെ ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഡാനിയല്‍ ക്രേഗ് ആണ് ചിത്രത്തില്‍ ജെയിംസ്‌ബോണ്ട് ആയി എത്തുന്നത്. ജമൈക്കയില്‍ വിശ്രമജീവിതം നയിക്കുന്ന ജെയിംസ്‌ബോണ്ട് വീണ്ടും ദൗത്യത്തിന് ഇറങ്ങുന്നതാണ് നോ ടൈം ടു ഡൈ എന്ന  ബോണ്ട് ചിത്രത്തിന്റെ പ്രമേയം.  പ്രമേയത്തെക്കുറിച്ച് സൂചനകള്‍ നല്‍കുന്നില്ലെങ്കിലും ബോണ്ട് ആരാധകരെ ആവേശത്തിലാക്കുന്ന എല്ലാ ചേരുവകളും ചിത്രത്തിലുണ്ടാകും എന്ന സൂചന ടീസര്‍ നല്‍കുന്നുണ്ട്. കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുമ്പ് ചെയ്തതില്‍ വച്ച് ഏറ്റവും മികച്ച വേഷമാണിതെന്നും , തന്റെ കരിയറിലെ ഒരു നല്ല അനുഭവമായി ഞാനിതിനെ കാണുന്നുവെന്നും ഡാനിയല്‍ ക്രേഗ് പറയുന്നു. ഡാനിയലിന്റെ അവസാനത്തെ ബോണ്ട് വേഷമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഷൂട്ടിംഗിനിടെ ഇദ്ദേഹത്തിന് പരിക്ക് പറ്റിയതും വാര്‍ത്തയായിരുന്നു. റാല്‍ഫ് ഫിയെന്‍സ്, റോറി കിന്നിയര്‍ തുടങ്ങിയവരും ഈ സിനിമയിലെ മറ്റു താരങ്ങളാണ്. ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇനി ബോണ്ട് ചിത്രത്തിനായുള്ള റിലീസിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍.