തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷാഘാതം മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും പക്ഷാഘാത ചികിത്സാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ വളരെ വിരളം ആശുപത്രിയില്‍ മാത്രമാണ് ഇതിന്റെ ചികിത്സ ലഭ്യമായിട്ടുളളത്.
സ്വകാര്യാശുപത്രികളില്‍ ലക്ഷങ്ങള്‍ വില വരുന്ന ഈ ചികിത്സരീതി സാധരണക്കാര്‍ക്ക് അപ്രാപ്യമാണ്, നാലരമണിക്കൂറിനുളളില്‍ ഒരു ചികിത്സാകേന്ദ്രത്തില്‍ എത്തിക്കുന്നതിനു സാങ്കേതിക ബൂദ്ധിമുട്ടുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ മിക്കരോഗികളും പൂര്‍ണ്ണമായ പക്ഷാഘാതത്തിലെത്തുന്ന ഒരൂ അവസ്ഥയാണ് ഇപ്പോള്‍ നിലവിലുളളത്. ഇതിനൊരു പരിഹാരം എല്ലാ ജില്ലയിലും സ്‌ട്രോക്ക് യൂണിറ്റുകള്‍ ആരംഭിക്കുക എന്നതാണ്. ന്യൂറോളജിസ്റ്റിന്റെ ദൗര്‍ലഭ്യവും മരുന്നിന്റെ വിലയും ഇതിനു വിഘാതമായി വരുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് എന്‍.സി.ഡി പദ്ധതിയിലൂടെ സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ഇതിനായി സംസ്ഥാന ആരോഗ്യവകുപ്പ് പരീക്ഷണ അടിസ്ഥാനത്തില്‍ സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിക്കുന്ന നടപടികള്‍ എറണാകുളം ജി.എച്ച്, പത്തനംതിട്ട ജി.എച്ച്, പാലക്കാട് ഡി.എച്ച്, തിരുവനന്തപുരം ജനല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍  പുരോഗമിക്കുകയാണ്. സി.ടി സ്‌കാന്‍ ഉളള ഈ ആശുപത്രികളില്‍ ടെലിമെഡിസിന്‍, ടെലിറേഡിയോളജി സൗകര്യങ്ങളള്‍ ഒരുക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. എന്‍.സി.ഡി കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ പദ്ധതി ഫണ്ട് ഉപയോഗിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.
പക്ഷാഘാതം എന്നത് ഏതൊരാള്‍ക്കും ഏതു സമയത്തും ഒരു മുന്നറിയിപ്പുമില്ലാതെ വരാന്‍ സാധ്യതയുളള ഒരു രോഗാവസ്ഥയാണ്. ജീവിതശൈലി രോഗങ്ങള്‍ പ്രത്യേകിച്ച് രക്താദിസമ്മര്‍ദ്ദം ഏറെയുളള നമ്മുടെ നാട്ടില്‍ പക്ഷാഘാതം വരുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരികയും രോഗബാധിതരുടെ ശാരിരിക ക്ഷമത കുറഞ്ഞു വരുകയും ചെയ്യുന്നു.ഭാഗികമായോ പൂര്‍ണ്ണമായോയുളള തളര്‍ച്ചയും സംസാരശേഷി, കാഴ്ച എന്നിവയുടെ വൈകല്യവും, മലമൂത്ര വിസര്‍ജ്ജനത്തിനുളള നിയന്ത്രണം നഷ്ടപ്പെടലും ചിലപ്പോള്‍ ജീവഹാനിയും സംഭവിക്കാവുന്ന രോഗമാണ് പക്ഷാഘാതം. തലച്ചോറിലേക്കുളള രക്തചംക്രമണത്തില്‍ വരുന്ന തടസ്സമാണ് ഈ രോഗത്തിലേയ്ക്ക് നയിക്കുന്നത്. ഇത് രക്തം കട്ടപിടിക്കുന്നതിനാലോ, രക്തധമനികള്‍ പൊട്ടുന്നതിനാലോ സംഭവിക്കുന്നതാണ്. രക്തം കട്ടപിടിക്കുന്ന സ്‌ട്രോക്ക് ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്. സ്‌ട്രോക്ക് സംഭവിച്ച് നാലു മണിക്കൂറിനകം ഈ രക്തക്കട്ട അലിയിച്ചു കളയുന്നതിനുളള മരുന്നു നല്‍കുകയാണെങ്കില്‍ ഈ രോഗത്തിന്റെ പ്രഹരശേഷി കുറക്കുന്നതിനോ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനോ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 
 
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍; സബ്ജക്ട് കമ്മിറ്റി സിറ്റിങ് ആറിന് തുടങ്ങും
 
തിരുവനന്തപുരം: കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിനെക്കുറിച്ചുള്ള ഹര്‍ജികളും നിവേദനങ്ങളും സ്വീകരിക്കുന്നതിന് കേരള നിയമസഭയുടെ ആരോഗ്യവും കുടുംബ ക്ഷേമവും സംബന്ധിച്ച സബ്‌ജെക്ട് കമ്മിറ്റി ആറിന് രാവിലെ 10.30ന് കോഴിക്കോട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ഏഴിന് രാവിലെ 10.30ന് എറണാകുളം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും യോഗം നടക്കും. സമതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (രജിസ്‌ട്രേഷനും നിയന്ത്രണവും) ബില്ലിനെ സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഹര്‍ജികളും നിവേദനങ്ങളും നേരിട്ട് സ്വീകരിക്കും. ഹര്‍ജികളും നിവേദനങ്ങളും നല്‍കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും ഈ അവസരം വിനിയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.