ധനംകൊണ്ട് ദുഃഖം അകറ്റാനാകില്ല! വിദ്യകൊണ്ടത് സാധിക്കും എന്നറിയുമ്പോള്‍ നാം വിദ്യയെ പരമമായ ധനമെന്നു കാണുന്നു. വിദ്യയെ ധനം നേടാനുള്ള ഉപാധിയായി കാണുമ്പോഴാണ് ദുഃഖം വിട്ടൊഴിയാതെ കൂടിയിരിക്കുന്നത്.

എന്തുകൊണ്ടാണോ ദുഃഖം അകലുന്നത് അതാണ് വിദ്യ. എന്തുകൊണ്ടാണോ ദുഃഖം ഉണ്ടാകുന്നത് അത് അവിദ്യ! അത് ഭൗതിക സമ്പത്താണ്. ഭൗതിക വിജ്ഞാനത്തിന്‍റെയും ഭൗതികാന്വേഷണത്തിന്‍റെയും പരമമായ കണ്ടെത്തല്‍ എന്തായിരിക്കും? ‘ഭൗതികമായതൊന്നും നിലനില്‍ക്കുന്നതല്ല എന്നതിനാല്‍ അവയിലുള്ള ആസക്തി ദുഃഖകാരണമാണ്!’ ഏതു കാലഘട്ടത്തിലായാലും ഇതാകും ഭൗതികവിജ്ഞാനത്തിന്‍റെ അന്തിമമായ കണ്ടെത്തല്‍. അവിടെ നിന്നാണ് ഭൗതികതയ്ക്ക് അതീതമായ അന്വേഷണം തുടങ്ങുന്നത്. നമ്മുടെ ദുഃഖദുരിതങ്ങളെല്ലാം നമ്മെ സഹായിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. നമ്മെ സത്യത്തോട് അടുപ്പിക്കുകയാണവ ഓരോന്നും. ദുരന്തദുഃഖങ്ങളെ മാറോടണയ്ക്കുവാന്‍ വിവേകാനന്ദസ്വാമികള്‍ പറയുന്നത് അതുകൊണ്ടാണ്. എന്തില്‍ നിന്നാണോ ദുഃഖം ഉണ്ടാകുന്നത് അപ്പോള്‍ അതൊരോര്‍മ്മപ്പെടുത്തലാണ്- ‘ഇതില്‍ സുഖം ഇല്ല!’ നശ്വരമായ ഒന്നില്‍ നിന്ന് ശാശ്വതമായ സുഖം തേടുന്നു എന്ന അജ്ഞത ദുഃഖം തരുന്നു എന്നല്ലാതെ ആരും ആരെയും ദുഃഖിപ്പിക്കുന്നില്ല. ഈ ഭൗതികസത്യം നമ്മെ ഭൗതികതയ്ക്ക് അതീതമായ പരവിദ്യയിലേയ്ക്ക് നയിക്കുന്നു.

ഭൗതികമായ ധനം ഓരോന്നും നേടുമ്പോഴും അവശേഷിക്കുന്ന അശാന്തിയും  ആഗ്രഹവുമുണ്ടല്ലോ അതാണ് ജന്മങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ദുഃഖകാരണം. സുഖമാണ് തേടുന്നത്. പക്ഷേ എന്തില്‍ നിന്നാണത് കിട്ടുക എന്നറിയാത്തതിനാല്‍ പലതിന്‍റെയും പുറകേ പോയി വലയുന്നു. ചെന്നു ചേര്‍ന്നിടത്തൊക്കെ ദുഃഖം ഉണ്ടാകുമ്പോള്‍ വീണ്ടും അന്വേഷിക്കുന്നു. ഒടുവില്‍ ഈ ശരീരം വീഴും വരെ അത് കണ്ടെത്തുന്നുമില്ല. ഈ തത്ത്വം ആണ് ബോധിക്കേണ്ടത്. ശങ്കരാചാര്യസ്വാമികള്‍ പറയുന്നു- ”കുട്ടിക്കാലത്ത് കളികളിലാകും ആസക്തി, യുവത്വം ആകുമ്പോള്‍ യുവതീയുവാക്കളില്‍ താല്പര്യം, വൃദ്ധരാകുമ്പോഴോ ചിന്താമഗ്നരായിരിക്കുന്നു! ഒരു നേരം പോലും തത്ത്വവിചാരത്തിന് താല്പര്യം ഉണ്ടാകുന്നില്ല!”

ബാലസ്താവത് ക്രീഡാസക്ത-സ്തരുണസ്താവത് തരുണീസക്തഃവൃദ്ധസ്താവത് ചിന്താസക്തഃപരേ ബ്രഹ്മണി കോ∫പി ന സക്തഃ” (ഭജഗോവിന്ദം)

ഓം