നമ്മെ സ്നേഹിക്കുന്നവരെ സ്നേഹിക്കാനല്ല നാം പഠിക്കേണ്ടത്. അത് നിസാരവും സര്‍വ്വസാധാരണവുമാണ്. നമ്മെ ദ്രോഹിക്കുന്നവരെ സ്നേഹിക്കാനാണ് പ്രയാസം! ആദ്യത്തേത് എല്ലാവര്‍ക്കും സാധിക്കുന്നതാണ്. രണ്ടാമത്തേതിലാണ് ഒരാളുടെ മഹത്വം!

തന്നെ സ്നേഹിക്കാത്ത ഭാര്യയെയോ ഭര്‍ത്താവിനെയോ വിട്ട് മറ്റൊന്ന് തേടി നാം പോകുമ്പോള്‍ തനിക്കും അങ്ങോട്ട് സ്നേഹിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നൊരു ചോദ്യമവിടെ ഉണ്ട്. നാം എന്തിനെയാണോ സ്നേഹിക്കുന്നത് അതിന്‍റെ അഭാവത്തില്‍ നമ്മുടെ സ്നേഹം നഷ്ടപ്പെടുന്നു. ശരീരമോ ധനമോ സൗന്ദര്യമോ സ്വഭാവമോ ഒന്നും എന്നും ഒരുപോലെ  നിലനില്‍ക്കുന്നതല്ലെന്ന് അറിയാതെയാണോ നാം അതില്‍നിന്ന് സുഖം തേടി ഒരാളെ സ്നേഹിക്കുന്നത്? നിലവിലുള്ളതില്‍ തൃപ്തി കണ്ടെത്തുന്നയാള്‍ ഈ സമൂഹത്തിന്‍റെ ആകെ ബന്ധുവായിരിക്കും. ഒന്നുമാറി മറ്റൊന്ന് തേടിക്കൊണ്ടിരിക്കുന്നവര്‍ സമൂഹത്തിന്‍റെ ശത്രുവായിരിക്കുന്നു. സമൂഹത്തിന്‍റെ ബന്ധു അധ്വാനിക്കുന്നത് സ്വന്തം സുഖഭോഗവസ്തുക്കള്‍ വര്‍ദ്ധിപ്പിക്കാനാകില്ല, സമൂഹത്തില്‍ കഷ്ടപ്പെടുന്ന ജനതയെ സഹായിക്കാനാകും. മറ്റൊന്ന് ദുഃഖിക്കുമ്പോള്‍ അതകറ്റാതെ സ്വയം സുഖം അനുഭവപ്പെടുകയില്ലെന്നതാണ് അവരുടെ ഭാവശുദ്ധി!

യഥാര്‍ത്ഥ സ്നേഹം സ്നേഹിക്കപ്പെടുമ്പോഴുള്ള സ്നേഹസംഗമം അല്ല, സ്നേഹത്തിലായിരിക്കുമ്പോഴുള്ള ആത്മസംഗമമാണ്. സ്നേഹത്തിലായിരിക്കുമ്പോഴുള്ള ആത്മസുഖം അനുഭവിക്കുന്നൊരാള്‍ക്ക് എല്ലാ ജീവജാലങ്ങളും ‘ആത്മസഹോദര’രെന്നേ തോന്നുകയുള്ളൂ. അവര്‍ വാക്കുകൊണ്ടോ വാളുകൊണ്ടോ ഒന്നിനെയും വേദനിപ്പിക്കില്ല.

”എല്ലാവരുമാത്മസഹോദരരെ-
ന്നല്ലേ പറയേണ്ടതിതോർക്കുകിൽ നാം
കൊല്ലുന്നതുമെങ്ങനെ ജീവികളെ-
ത്തെല്ലും കൃപയറ്റു ഭുജിക്കയതും?” (ശ്രീനാരായണഗുരു)
ഓം