ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പുറകേ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവലും വിവാദത്തില്‍. ആര്‍എസ്എസ് അനുകൂല ബുദ്ധിജീവി സംഘടനയായ ഇന്ത്യ ഫൗണ്ടഷന്റെ ഡയറക്ടറായ ശൗര്യ ഡോവല്‍ വിദേശ ധനകാര്യ സ്ഥാപനത്തിന്റെയും ചുമതല വഹിക്കുന്നെന്നും ഇത് വിരുദ്ധ താത്പര്യമാണെന്നും കാണിച്ച് ദ വയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് മുന്നോട്ട് വന്നിരിക്കുന്നത്.

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ, എം.ജെ.അക്ബര്‍ എന്നിവര്‍ സംഘടനയിലെ ഡയറക്ടര്‍മാരുമാണ്. ഈ സംഘടന നടത്തിയ പരിപാടികളുടെ സ്‌പോണ്‍സര്‍മാരെല്ലാം വിദേശ ആയുധ, വിമാന കമ്പനികളാണെന്നാണ് ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. സ്‌പോണ്‍സര്‍ കമ്പനികളില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന ബോയിങ് വിമാന കമ്പനിയുമുണ്ട്. 70,000 കോടി രൂപക്ക് 111 വിമാനങ്ങള്‍ വാങ്ങാന്‍ ബോയിംഗ് കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ നടന്ന ക്രമക്കേടിനെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ഈ കമ്പനിയില്‍ നിന്ന് പ്രതിരോധ മന്ത്രിയും വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയും ഡയറക്ടര്‍മാരായ ഫൗണ്ടഷനിലേക്ക് സംഭാവന എത്തിയത് എങ്ങനെ എന്ന ചോദ്യങ്ങള്‍ ഉയരുന്നു.

കൂടാതെ ഇന്ത്യ ഫൗണ്ടേഷന്റെ വരവുചിലവ് കണക്കുകള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഫൗണ്ടേഷന്റെ ആസ്തി സംബന്ധിച്ചും ദുരൂഹതകളുണ്ട്. സാമ്പത്തിക മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഉപദേശം നല്‍കുന്ന സംഘടനകൂടിയാണ് ഇന്ന് ഇന്ത്യ ഫൗണ്ടേഷന്‍. നോട്ട് നരോധനത്തിനായി സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ വഴിയാണ് അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രഹസ്യചര്‍ച്ചകളെല്ലാം നടത്തിയത്. അതുകൊണ്ട് ഡോവലിന്റെ മകന്‍ ശൗര്യ ഡോവല്‍ ഇത് ദുരുപയോഗം ചെയ്തിട്ടുണ്ടാകാനുള്ള സാധ്യതയും പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു. മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ 2009ല്‍ രൂപീകരിച്ച സംഘടനയായ ഇന്ത്യ ഫൗണ്ടേഷന്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയ 2014 മുതലാണ് സാമ്പത്തിക രംഗത്തെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്. ഏതായാലും അമിത്ഷായുടെ മകന്‍ ജയ്ഷാക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നിലെ ശൗര്യ ഡോവലിനെതിരെയുള്ള വെളിപ്പെടുത്തല്‍ ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കും.