ഏതൊരു കാര്യമാണോ പ്രയാസകരമായും അസാദ്ധ്യമായും തോന്നുന്നത് അത് സാധിക്കുവാന്‍ ഉപകരിക്കുന്ന ഒരു പ്രവൃത്തി ഉണ്ടെങ്കില്‍ അതാണ് നിത്യജീവിതത്തില്‍ കുട്ടികളും മുതിര്‍ന്നവരും വളരെ പ്രാധാന്യം കൊടുത്ത് ചെയ്യേണ്ടത്. അര്ജ്ജുനന് ശക്തനാണ്, യുദ്ധവീരനുമാണ്, ആയുധാഭ്യാസത്തില്‍ മുന്നിലാണെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ അര്ജ്ജുനന് പരാജയം സംഭവിക്കുന്നത് മനോനിയന്ത്രണത്തിന്റെ കാര്യത്തിലാണ്! തനിക്ക് മനസ്സിനെ അടക്കുവാന്‍ ആകുന്നില്ലെന്നു അര്ജ്ജുനന് പറയുമ്പോള്‍ ഭഗവാനും അത് സമ്മതിക്കുന്നു. എന്നാല്‍ ചഞ്ചലമായ മനസ്സിനെ നിരന്തരമായ അഭ്യാസംകൊണ്ടും വൈരാഗ്യം കൊണ്ടും നിയന്ത്രണത്തില്‍ വരുത്തുവാന്‍ സാധിക്കും എന്നും ഉപദേശിച്ചുകൊടുത്തു.
നമുക്ക് ധനമുണ്ടാകാം, ആള്ബലമുണ്ടാകാം, കായികശക്തിയുണ്ടാകാം, അഭ്യാസസിദ്ധിയുണ്ടാകാം, പാണ്ഡിത്യമുണ്ടാകാം, ഒരുപാട് ബിരുദങ്ങളുണ്ടാകാം. എന്നാല്‍ ഇതൊന്നും മനോനിയന്ത്രണം എന്ന അത്യാവശ്യത്തിന് സഹായകമാകുന്നില്ല! നിരന്തരമായ ഒരു നാമജപംകൊണ്ടോ മന്ത്രജപംകൊണ്ടോ അത് സാധിക്കുന്നു! നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒരനുഷ്ഠാനമായി നാമജപവും മന്ത്രോപാസനയും വേണ്ടതാണ്. പ്രാധാന്യം അറിയാത്തതുകൊണ്ടു മാത്രമാണ് വീട്ടില്‍ പലരും ജപസാധനകള്ക്ക് പ്രാധാന്യം കൊടുക്കാതിരിക്കുന്നത്. അതിന്റെ ഫലസിദ്ധി എത്ര വലുതാണെന്ന് അനുഭവംകൊണ്ട് അറിയാവുന്നവര്‍ ഭൗതികമായ മറ്റെന്തൊക്കെ ആവശ്യങ്ങളും ആഗ്രഹങ്ങളും മാറ്റിവച്ചാലും ആരാധനയും ജപവും എന്ന അത്യാവശ്യം മാറ്റിവയ്ക്കില്ല! വിശേഷദിവസങ്ങളിലും വിശേഷമുഹൂര്ത്തങ്ങളിലും പ്രത്യേകിച്ച്! വ്രതാനുഷ്ഠാനങ്ങള്‍ ഉദാഹരണം.
നമ്മുടെ ആവശ്യങ്ങള്‍ക്ക് സമയം കണ്ടെത്തിയില്ലെങ്കിലും നമുക്ക് അത്യാവശ്യമുള്ളതിന് നാം സമയം കണ്ടെത്തും എന്നതാണ് സത്യം. ആരാധനയും ജപസാധനകളും നമുക്ക് അത്യാവശ്യമുള്ള നിത്യാനുഷ്ഠാനമാണ്. മറ്റൊന്നുംകൊണ്ട് മനസ്സിനെ നിയന്ത്രിക്കുവാനുള്ള സിദ്ധി ഉണ്ടാകുന്നില്ല! പ്രാധാന്യം നോക്കിവേണം ജീവിതത്തില്‍ ഓരോ സന്ദര്‍ഭത്തിലും എന്ത് ത്യാഗം ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്. കേബിളില്‍ റിയാലിറ്റി ഷോ കാണാന്‍ വേണ്ടി ഒരാള്‍ ആരാധനാസമയത്തെ ത്യജിച്ചു എന്നു വരാം. മറ്റൊരാള്‍ ആരാധനയ്ക്ക് വേണ്ടി മറ്റേതൊരു നിസാരകാര്യവും ത്യജിച്ചു എന്നു വരാം. രണ്ടും ത്യാഗമാണ്. അനശ്വരവും ഉദാത്തവുമായ ഒന്നിനു വേണ്ടി നശ്വരവും നിസാരവുമായ ഭൗതിക സുഖങ്ങള്‍ ത്യജിക്കുന്ന ഗൃഹസ്ഥന് ആണ് വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് യഥാര്‍ത്ഥ ത്യാഗത്തിന്റെ വഴി കാണിച്ചു കൊടുക്കേണ്ടത്. വ്രതാനുഷ്ഠാനങ്ങള്‍ ശീലിക്കുന്നവര് ഉദാത്തമായ ഒന്നിനുവേണ്ടി നിസാരമായ സുഖങ്ങള്‍ ത്യജിക്കുന്ന ത്യാഗമൂര്ത്തികളാണ്. അനിയന്ത്രിതമായി അര്‍ത്ഥകാമങ്ങളുടെ പുറകേ പോകുന്ന തലമുറയ്ക്ക് അവരൊരു വഴികാട്ടിയാണ്. ജീവിതത്തില്‍ ഇത്തരം ആദര്‍ശങ്ങള്‍ ശീലിക്കേണ്ടത് അത്യാവശ്യമാണ്. വിവേകാനന്ദസ്വാമികള്‍ പറയാറുണ്ട്- ”ഒരാദര്‍ശവും ഇല്ലാത്തവര്‍ അയ്യായിരം തെറ്റു ചെയ്യുമ്പോള്‍ ആദര്‍ശം ഉള്ളയാള്‍ അഞ്ഞൂറ് തെറ്റുകളേ ചെയ്യുന്നുള്ളൂ. എന്നതിനാല്‍ ഒരാദര്‍ശവും ഇല്ലാതിരിക്കുന്നതിനെക്കാള്‍ നല്ലത് ഏതെങ്കിലും ഒരാദര്ശമെങ്കിലും ഉണ്ടായിരിക്കുന്നതാണ്. മരിക്കുമെന്നുവന്നാലും ആ ആദര്‍ശം മുറുകെ പിടിക്കണം.”
ഒരു മന്ത്രമോ നാമമോ മതി നമ്മുടെ കുട്ടികള്‍ക്കും നമുക്കും അസാദ്ധ്യമായിരിക്കുന്ന മനോനിയന്ത്രണം സാധിക്കുവാന്‍! എന്നതിനാല്‍ ജപം നമുക്ക് നിത്യാനുഷ്ഠാനത്തില് ഒഴിവാക്കാനാകാത്ത ഒന്നായി മാറട്ടെ.
ഓം