മാഡ്രിഡ്: പിരിച്ചുവിടപ്പെട്ട മുന്‍ കറ്റാലന്‍ പ്രവിശ്യാ പ്രസിഡന്റ് കാര്‍ലെസ് പീജ്‌മോണ്ടിന് സ്പാനിഷ് ജഡ്ജി യൂറോപ്യന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കാര്‍ലെസ്സിനെക്കൂടാതെ നാലു മാന്ത്രിമാര്‍ക്കെതിരെയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ബെല്‍ജിയത്തിലേക്ക് കടന്ന അഞ്ചു കാറ്റലോണിയന്‍ നേതാക്കളും മാഡ്രിഡിലെ ഹൈക്കോടതി നടന്ന വിചാരണയില്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സ്പാനിഷ് ജഡ്ജി വാറണ്ട് പുറപ്പെടുവിച്ചത്.

സ്പാനിഷ് ഹൈക്കോടതിയില്‍ ഹാജരാകുന്നതിനു പകരം ബ്രസല്‍സില്‍ നടക്കുന്ന അന്വേഷണവുമായി സഹകരിക്കാമെന്ന പീജ്‌മോണ്ടിന്റെ നിലപാടു സ്പാനിഷ് ജഡ്ജി അംഗീകരിച്ചില്ല. വീഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന അഭ്യര്‍ഥനയും കോടതി തള്ളി. നീതിയുക്തമായ വിചാരണ നടത്തുമെന്നു മാഡ്രിഡ് ഉറപ്പുതന്നാല്‍ മാത്രമേ സ്‌പെയിനിലേക്കു മടങ്ങുകയുള്ളൂവെന്നാണ് പീജ്‌മോണ്ടിന്റെ നിലപാട്. സ്‌പെയിന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട കാറ്റലോണിയ മന്ത്രിസഭയിലെ എട്ട് മുന്‍ മന്ത്രിമാരെയും വിചാരണയ്ക്ക് ശേഷം സ്പാനിഷ് ഹൈക്കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നു. കലാപത്തിന് പ്രേരിപ്പിക്കല്‍, രാജ്യദ്രോഹം, പൊതുപണം ദുരുപയോഗം എന്നീ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.