ഒരു സംവിധായകനായും തനിക്ക് തിളങ്ങാന്‍ കഴിയുമെന്ന് തെളിയിച്ച ചിത്രമായിരുന്നു പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കിയൊരുക്കിയ ഈ ചിത്രം ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത വിജയമായിരുന്നു. ചിത്രത്തിന്റെ വിജയം മറ്റ് ഭാഷയിലെ സിനിമാ പ്രവര്‍ത്തകരും ശ്രദ്ധിച്ചിരുന്നു. ലൂസിഫറിന്റെ വിജയത്തിനു ശേഷം രജനീകാന്ത് ചിത്രം സംവിധാനം ചെയ്യാനുള്ള ഓഫര്‍ തനിക്ക് ലഭിച്ചിരുന്നുവെന്നാണ് പൃഥിരാജ് വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ ചിത്രമായ ഡ്രൈവിങ് ലൈസന്‍സിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ആരാധകരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ലൂസിഫര്‍ റിലീസ് ചെയ്തതിനു പിന്നാലെ ആ ഒരു അവസരം എനിക്ക് ലഭിച്ചിരുന്നു. പക്ഷെ ആടുജീവിതം കാരണം സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ജീവിതത്തില്‍ ഇതിലും വലിയ സോറിനോട്ട് ഞാന്‍ ആര്‍ക്കും എഴുതിയിട്ടില്ല പൃഥിരാജ് പറയുന്നു. ഡ്രൈവിങ് ലൈസന്‍സ് പ്രദര്‍ശനം തുടരുമ്പോള്‍ പൃഥിരാജ് സിനിമയില്‍ നിന്നും മൂന്ന് മാസത്തെ ഇടവേളയെടുത്തിരിക്കുകയാണ്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനായി തയ്യാറെടുക്കുകയാണ് താരം.  ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതമാണ് ബ്ലെസ്സി സിനിമയാക്കാന്‍ ഒരുങ്ങുന്നത്. ഏറെ നാളുകളായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥിരാജി ന്റെ  ഇതു വരെ കാണാത്ത വേഷമാകും ഈ ചിത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. പിന്നീട് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കും.