കൊച്ചി: ഷെയിൻ നേരത്തെ നടത്തിയ ‘മനോരോഗി’ പരാമർശത്തിലാണ് മാപ്പു പറഞ്ഞത് .തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കവെ നിർമാതാക്കൾ മനോരോഗികളാണ് എന്ന് ഷെയിൻ പ്രതികരിച്ചത് വലിയ വിവാദമായിരുന്നു .അന്ന് പ്രശ്നം പരിഹരിക്കാൻ മുൻകൈ എടുത്തു മുന്നോട്ടു വന്ന അമ്മ ഭാരവാഹികൾ ഷെയിനിന്റെ പരാമർശത്തെ തുടർന്ന് ചർച്ചകൾ അവസാനിപ്പിച്ചിരുന്നു.ഇതോടെ നിർമ്മാതാക്കൾക്ക് അനുകൂലമായി പൊതുവികാരം ചലച്ചിത്ര മേഖലയിൽ ഉയരുകയും ചെയ്തു .ഇനി ഷെയിൻ തന്നെ വിഷയം തീർക്കാൻ മുൻകൈ എടുക്കട്ടേ എന്ന് പൊതുവായി തീരുമാനവുമുണ്ടായി.ഇപ്പോൾ നിർമ്മാതാക്കളെ മനോരോഗികൾ എന്ന് വിളിച്ചാക്ഷേപിച്ചതിന് ഷെയിൻ മാപ്പു ചോദിച്ചു കത്ത് നൽകി .’അമ്മ ,ഫെഫ്ക ,നിർമ്മാതാക്കളുടെ സംഘടന എന്നിവർക്കാണ് കത്തയച്ചത് .ഷെയിനിന്റെ നിസ്സഹകരണം കൊണ്ട് മുടങ്ങിപ്പോയ ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിങ് പതിനഞ്ചു ദിവസത്തിനുള്ളിൽ തീർക്കാനാണ് നിർമ്മാതാക്കളുടെ സംഘടന ഷെയിനിനോട് ആവശ്യപ്പെട്ടിരിക്കുന്നത് .ഇനി കൂടുതൽ വിവാദങ്ങളുണ്ടാകാതെ വിഷയം കെട്ടടങ്ങുമെന്നാണ് പ്രതീക്ഷയെന്നു ഷെയിനിനോടടുത്ത വൃത്തങ്ങൾ പറഞ്ഞു .