നമ്പി നാരായണന് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന  സർക്കാർ  തീരുമാനിക്കുമ്പോൾ കാര്യപ്രസക്തമായ ചില കാര്യങ്ങൾ പറയാം .ചാരവൃത്തി നടന്നു എന്ന് അന്വേഷണത്തിന് മുൻപേ തന്നെ അപസർപ്പക കഥകളെ വെല്ലുന്ന തിരക്കഥകൾ മെനഞ്ഞ മലയാള മനോരമക്ക് ഇതിൽ ഉത്തരവാദിത്തമില്ലേ ? രാഷ്ട്രീയ നേട്ടങ്ങൾക്കായി കരുണാകരനെതിരെ ചാരവൃത്തിക്കേസ് ആയുധമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്തമില്ലേ ?
ചാരക്കേസ്  ഇല്ലാത്തതും  കെട്ടിച്ചമച്ചതുമാണ് എന്നാണ് അവസാനം കണ്ടെത്തിയത് .നിയമവിരുദ്ധ  അറസ്റ്റിനും പീഡനത്തിനും ഇരയായി എന്നതിനാണ് നമ്പി നാരായണന് നഷ്ടപരിഹാരമായി നൽകാൻ വിധിച്ചത് .1.3  കോടി രൂപയാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചിരിക്കുന്നത് .പരമോന്നത നീതിപീഠമായ സുപ്രീം കോടതി നമ്പി നാരായണന്  നൽകാൻ വിധിച്ച അമ്പതു ലക്ഷം,മനുഷ്യാവകാശ കമ്മീഷൻ നൽകാൻ നിർദേശിച്ച പത്തുലക്ഷം രൂപയ്ക്കു പുറമെയാണ് ഈ 1.3  കോടി.
ഇനി ആരൊക്കെയാണ് നമ്പി നാരായണനെ പീഡിപ്പിച്ചതെന്ന് നോക്കാം പത്രത്തിന്റെ പ്രചാരം വർദ്ധിപ്പിക്കാനും കോൺഗ്രസിലെ കരുണാകരവിരുദ്ധരെ സഹായിക്കാനും ചാരവൃത്തിക്കേസിനെ ഉപയോഗിച്ചത്  മനോരമ .അത് വായിച്ചു പ്രബുദ്ധരായാണ് നാട്ടുകാർ രാജ്യദ്രോഹികളെ കൈകാര്യം ചെയ്യാനിറങ്ങിയത് .കടുത്ത അപമാനവും കയ്യേറ്റവും നമ്പിനാരായണന്‌ പല അവസരങ്ങളിലും  ഏൽക്കേണ്ടിവന്നു .അന്വേഷണ ഉദ്യോഗസ്ഥരും നമ്പി നാരായണനെ കൈകാര്യം ചെയ്തു. കേരളത്തിലെ മറ്റു  മാധ്യമങ്ങളും കാര്യമറിയാതെ  എടുത്തുചാടി വാർത്തകൾ കൊടുത്തു എങ്കിലും വൈരാഗ്യബുദ്ധിയോടെ തുനിഞ്ഞിറങ്ങിയതു മനോരമ മാത്രം .കോൺഗ്രസിന്റെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ സ്ഥാനം തെറിപ്പിക്കാൻ തക്കം നോക്കി നടന്ന ഉമ്മൻ ചാണ്ടി കിട്ടിയ അവസരം പാഴാക്കിയില്ല .കരുണാകരനെതിരെ ഉപയോഗിച്ച ഇരുതലമൂർച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റവരും ജീവിതം നശിച്ചവരും നിരവധിയാണ് .

കരുണാകരനെ സംശയത്തിന്റെ നിഴലിൽ നിർത്താൻ കിട്ടിയ അവസരം പാഴാക്കാതെ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിച്ച ഉമ്മൻചാണ്ടിക്കും നമ്പിനാരായണന്‌ നഷ്ടപരിഹാരം നൽകുന്നതിൽ നിന്നും ഒഴിഞ്ഞുനിൽക്കാനാകില്ല.
മന്ത്രിസഭായോഗം കൂടി നമ്പി നാരായണന് സംസ്ഥാന ഖജനാവിൽ നിന്നും നഷ്ടപരിഹാരം നൽകാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നു .  ജനത്തിന്റെ നികുതിപ്പണത്തിൽ നിന്നല്ല നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടത് അത് മനോരമയും മനോരമ ബാലജനസഖ്യത്തിലൂടെ  വളർത്തിക്കൊണ്ടു വന്ന ഉമ്മൻ ചാണ്ടിയുമാണ് നൽകേണ്ടത് . അത്തരം മര്യാദയൊന്നും ഈ രണ്ടുകൂട്ടരിൽ നിന്നും പ്രതീക്ഷിക്കുന്നില്ല  എങ്കിലും വെറുതെ കാര്യങ്ങൾ പറഞ്ഞു എന്ന് മാത്രം.