കൊച്ചി: മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മന്ത്രി സ്ഥാനത്ത് തുടരാനുള്ള ധാര്‍മിക ഉത്തരവാദിത്തം തോമസ് ചാണ്ടിക്ക് നഷ്ടപ്പെട്ടുവെന്നും കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ പുറത്താക്കണം. മുഖ്യമന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുകയാണെങ്കില്‍ സിപിഐഎം കേന്ദ്രനേതൃത്വം ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.തോമസ് ചാണ്ടി മന്ത്രിസഭയ്ക്ക് ഭാരമാണെന്നും, അദ്ദേഹത്തെ പുറത്താക്കുന്നത് മാത്രമാണ് ഏക പരിഹാരമെന്നും സുധീരന്‍ പറഞ്ഞു.

തോമസ് ചാണ്ടിയ്ക്കെതിരായ പ്രതിഷേധം ശക്തമാവുകയാണ്. മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് യുവമോര്‍ച്ച ഇന്ന് മാര്‍ച്ച് നടത്തി. അക്രമാസക്തരായ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. പൊലീസ് ലാത്തിചാര്‍ജിലും ജലപീരങ്കി പ്രയോഗത്തിലും നിരവധി പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്.

ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് നിലം നികത്തി റോഡ് നിര്‍മിച്ചെന്ന പരാതിയിലാണ് തോമസ് ചാണ്ടിക്കെതിരെ ത്വരിതപരിശോധനയ്ക്ക് ഇന്ന് കോടതി ഉത്തരവിട്ടത്. കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വലിയകുളംസീറോ ജെട്ടി റോഡില്‍ നിലം നികത്തി റിസോര്‍ട്ടിലേക്ക് തോമസ് ചാണ്ടി റോഡ് നിര്‍മിച്ചെന്നാണ് ആരോപണം.