കേരളത്തിൽ യൂത്ത്കോൺഗ്രസ്സ് പുനസംഘടന ഇന്ന് സജീവമാണ്.ഷാഫി പറമ്പിൽ എം എൽ എയാണ് എ വിഭാഗം തീരുമാനിച്ചിരിക്കുന്ന പ്രസിഡന്റ്. വൈസ് പ്രസിഡന്റ് സ്ഥാനം ഐ വിഭാഗത്തിനാണ്.അന്തരിച്ച നേതാവ് ജി കാർത്തികേയന്റെ മകനായ കെ എസ് ശബരീനാഥനെയാണ് തീരുമാനിച്ചിരിക്കുന്നത്. അതും ഒരു എം എൽ എ.കെ പി സി സിയിൽ ജനപ്രതിനിധികളെ പരിഗണിക്കാത്ത നിലയ്ക്ക് യൂത്ത്കോൺഗ്രസ്സിലും സമാനമായി സംഘടനയ്ക്കായി കൂടുതൽ സമയം ചിലവഴിക്കാൻ കഴിയുന്നവരെ ഭാരവാഹിയാക്കിയാൽ മതി എന്ന ആവശ്യം പരാതിയായി ഹൈക്കമാൻഡിനു മുന്നിലുണ്ട്.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഭാരവാഹി കോൺഗ്ഗ്രസ്സ് നേതാവ് ഉമ്മൻചാണ്ടിക്ക് ഫേസ് ബുക്കിലൂടെ ഒരു തുറന്നകത്ത് പ്രസ്ദ്ധീകരിച്ചത് വാർത്തയാകുന്നു.യൂത്ത് കോൺഗ്രസ്സ് പുനസംഘടന തന്നെയാണ് വിഷയം.
ഉമ്മൻചാണ്ടി സാറിന് ഒരു തുറന്ന കത്ത്
——————————————————————–
ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സാർ,
കേരളത്തിലെ KSU, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ് ഈ കത്തിലൂടെ അറിയിക്കുന്നത്. യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ ആരെ ഭാരവാഹികളാക്കണമെന്ന് തീരുമാനിക്കുന്നത് അങ്ങടക്കമുള്ള ഗ്രൂപ്പ് നേതാക്കളാണ്. അതിനുള്ള അവകാശവും അങ്ങേക്കാണ്. നമ്മുടെ അഭിപ്രായങ്ങളും പരിഗണിക്കണം. കാരണം വിജയിച്ചവരെക്കാളും കൂടുതൽ പരാജയപ്പെടുന്നവരാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ കൂടുതൽ. ഞങ്ങളൊക്കെ പരാജയപ്പെടുന്നവരുടെ കൂട്ടത്തിലാണ്. അത് ഞങ്ങൾക്കറിയാം. പക്ഷെ ഞങ്ങൾ തോറ്റാലും ഈ പ്രസ്ഥാനം പൊതുജനമധ്യത്തിൽ തോൽക്കാൻ പാടില്ല… സാർ നിങ്ങൾ ഉണ്ടാക്കിയെടുത്ത പ്രസ്ഥാനം നശിക്കുകയാണ്. അത് നിങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ നിങ്ങളെ നിങ്ങളുടെ അനുയായികൾ അത് അറിയിച്ചു തരുന്നില്ല. പക്ഷെ ഹൈക്കമാൻഡ് അത് മനസിലാക്കി. അതാണ് കെപിസിസി പട്ടിക. പട്ടിക പൂർണമായും നല്ലതെന്ന അഭിപ്രായം ഞങ്ങൾക്കില്ല. യുവാക്കൾ കുറഞ്ഞു പോയി. പക്ഷെ ഞങ്ങൾ അത് ക്ഷമിക്കുന്നു. കാരണം അത്യാഗ്രഹമൂർത്തികളെ ഹൈകമാന്റ് തിരിച്ചറിഞ്ഞു. അധികാരം കൈയിലുള്ളവർ മറ്റുള്ളവരുടെ അവകാശങ്ങൾ തട്ടിപ്പറിക്കാൻ ശ്രമിച്ചു. നിങ്ങൾ അത് പ്രോത്സാഹിപ്പിച്ചു. സോണിയാഗാന്ധിക്ക് സല്യൂട്ട്… ഇപ്പോൾ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്. അല്ല സമവായം.. നിങ്ങൾ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തീരുമാനിച്ചു. ആരാണവർ. എന്താണ് തീരുമാനിക്കപ്പെട്ടതിലെ യോഗ്യത.
പ്രസിഡന്റ് ഷാഫി പറമ്പിൽ. നല്ല പാർലമെന്ററിയൻ. തർക്കമില്ല. പക്ഷെ അതാണോ യൂത്തിന്റെ യോഗ്യത സാർ.കഴിഞ്ഞ കാലങ്ങളിൽ അദ്ദേഹം യൂത്ത് കോൺഗ്രസ് പാർലമെന്റ് പ്രസിഡന്റ് ആയിരുന്നു. എത്ര സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്തിട്ടുണ്ട്. എത്താൻ കഴിയില്ല കാരണം സമയമില്ല. എംഎൽഎ ആണ്. അംഗീകരിക്കുന്നു. അതിനുശേഷം അദ്ദേഹം അഖിലേന്ത്യ ജനറൽ സെക്രട്ടറി ആയി. മറ്റൊരാളുടെ അവസരം നഷ്ടമായി. അവിടെ എംഎൽഎ ക്ക് കൂടുതൽ പരിഗണനയുണ്ടാവുമല്ലോ? എന്നിട്ട് അദ്ദേഹം അവിടുന്ന് രാജി വച്ചു. എന്താണ് കാരണം എന്ന് സാർ തിരക്കിയോ? സമയക്കുറവാണോ? അംഗീകരിക്കാം. എന്നാൽ ഞങ്ങൾക്കറിയാം ദേശീയ നേതൃത്വം രാജി ആവശ്യപ്പെട്ടതാണെന്നു. കർണാടക വിഷയം രഹസ്യമായ പരസ്യമാണ്. ഇനി സമയം കിട്ടാത്തതാണ് വിഷയമെങ്കിൽ എങ്ങനെയാണ് സാർ പാർട്ടിയുടെ നിർണായകമായ ഈ സമയത്ത് എംഎൽഎ മാർക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തനം ശക്തമായി നടത്താൻ കഴിയുക.
വൈസ് പ്രസിഡന്റ് ശബരിനാഥ് കൂടുതൽ ഒന്നും പറയാനില്ല. മക്കൾ രാഷട്രീയത്തിനെതിരെ പട നയിച്ച രാജാക്കൻമാർ നഗ്നരാണെന്ന വിളിച്ച് പറയാൻ കഴിയാത്ത ക്ലിനിക്കൽ യുവത്വങ്ങളായി പോയി നിങ്ങൾക്ക് ചുറ്റും. യൂത്ത് കോൺഗ്രസ് KSU എന്താണെന്ന് ശബരിക്ക് ക്ലാസെടുക്കുമ്പോൾ ശ്രീ Ak യുടെ മകനെ കൂടി വിളിക്കുന്നത് നന്നായിരിക്കും.
ഈ എംഎൽഎ മാരെ വയ്ക്കുന്നതിലൂടെ നിങ്ങൾ അവരുടെ ഭാവി കളയുന്നു. പ്രസ്ഥാനത്തിന്റെ അന്തസ്സ് കളയുന്നു. സോണിയ ഗാന്ധിയുടെ നിലപാട് പരിഹാസ്യമാക്കുന്നു. കെപിസിസി യിൽ മാറ്റി നിർത്തിയ മറ്റ് എംഎൽഎ മാരെ പൊതുജനമധ്യത്തിൽ അപഹാസ്യരാക്കുന്നു.
മറ്റാരും സാറിനോട് ഇത് പറഞ്ഞു തരില്ല. കാരണം സാറിനെ അവർ ചക്രവ്യൂഹത്തിൽ അകപ്പെടുത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന വലിയ ഒരു വിപത്തിനു തുടക്കക്കാരൻ അങ്ങകരുത് എന്ന് ചിന്തിക്കുന്ന ഒരുകൂട്ടം യുവതലമുറയുടെ കയ്യെഴുത്തു….
M ഷിറാസ് ഖാൻ
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി
